ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന എസ്. നളിനിക്ക് ഒരു മാസത്തെ പരോൾ അനുവദിച്ചു. മദ്രാസ് ഹൈക്കോടതിയുടേതാണ് തീരുമാനം. ലണ്ടനിൽ നടക്കുന്ന മകളുടെ വിവാഹാവശ്യങ്ങൾക്കായാണ് പരോൾ അനുവദിച്ചത്. 27 വർഷമായി വെല്ലൂർ സെൻട്രൽ ജയിലിൽ കഴിയുന്ന നളിക്ക് പരോൾ ലഭിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇതിന് മുമ്പ് 2016ൽ, പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി 24 മണിക്കൂർ പരോൾ അനുവദിച്ചിരുന്നു. മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകരുത്, രാഷ്ട്രീയക്കാരുമായി ബന്ധം പുലർത്തരുത് തുടങ്ങിയ നിബന്ധനകളിന്മേലാണ് ജസ്റ്റിസ് എം.എം സുന്ദരേശ്, നിർമൽ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരോളനുവദിച്ചത്. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21ന് ചാവേർ സ്ഫോടനത്തിലൂടെ വധിച്ച കേസിലെ പ്രതിയാണ് നളിനി. 1998 ജനുവരിയിലാണ് നളിനിക്ക് വധശിക്ഷ ലഭിക്കുന്നത്. സുപ്രീംകോടതിയും നളിനിയുടെ വധശിക്ഷ ശരിവച്ചെങ്കിലും, രാജീവിന്റെ വിധവ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ൽ തമിഴ്നാടു സർക്കാർ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. ജയിലിൽ വച്ചുണ്ടായ മകൾ അരിത്രയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ആറുമാസത്തെ പരോൾ ആവശ്യപ്പെട്ടാണ് നളിനി ഹൈക്കോടതിയെ സമീപിച്ചത്. സ്വയം വാദിക്കണമെന്ന നളിനിയുടെ ആവശ്യം, സർക്കാരിന്റെ എതിർപ്പുകളുണ്ടായിരിക്കെ തന്നെ കോടതി അംഗീകരിച്ചിരുന്നു. ജീവപര്യന്തം തടവനുഭവിക്കുന്നവർക്ക് രണ്ടുവർഷം കൂടുമ്പോൾ ഒരുമാസത്തെ പരോളിന് അവകാശമുണ്ടെന്നും, എന്നാൽ, 27 വർഷമായി തനിക്ക് പരോൾ ലഭിച്ചിട്ടില്ലെന്നുമായിരുന്നു നളിനിയുടെ പരാതി. ജയിൽ സൂപ്രണ്ടിനു നൽകിയ അപേക്ഷയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നളിനിക്കാവശ്യമായ സുരക്ഷ ഒരുക്കാനും തമിഴ്നാട് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.