nir

ബഡ്‌ജറ്റ് പെട്ടിക്കു പകരം 'ബഹി ഖാത' (കണക്കു പുസ്‌തകം)

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിലെ ധനകാര്യ മന്ത്രിമാർ ആദ്യം മുതൽ തുടർന്നുവന്ന ബ്രിട്ടീഷ് കീഴ്‌വഴക്കം അപ്പാടെ മാറ്റിക്കൊണ്ടാണ് നിർമ്മലാ സീതാരാമൻ ബഡ്ജറ്റ് അവതരണത്തിന് പാർലമെന്റിൽ എത്തിയത്. ഇക്കാലമത്രയും തുകൽ കൊണ്ടു നിർമ്മിച്ച ബ്രീഫ്കേസിലാണ് ധനമന്ത്രിമാർ ബഡ്‌ജറ്റ് രേഖകൾ കൊണ്ടുവന്നിരുന്നത്. ആ പതിവു തെറ്റിച്ച് ബഡ്‌ജറ്റ് രേഖ സുവർണ നിറത്തിലുള്ള അശോകമുദ്ര പതിച്ച ചുവന്ന പട്ടിൽ പൊതിഞ്ഞ്,​ മഞ്ഞനാട കൊണ്ട് കെട്ടിയാണ് നിർമ്മല കൊണ്ടുവന്നത്.

ബഡ്‌ജറ്റ് അവതരണത്തിനു മുന്നോടിയായി രാഷ്ട്രപതിയെ കാണാൻ രാഷ്‌ട്രപതി ഭവനിലും അവിടെ നിന്ന് പാർലമെന്റിലും എത്തിയപ്പോൾ പട്ടിൽ പൊതിഞ്ഞാണ് ബഡ്ജറ്റ് രേഖകൾ പിടിച്ചിരുന്നത്. ഇതോടെ പതിനെട്ടാം നൂറ്റാണ്ടു മുതൽ ബ്രിട്ടനിൽ നിലനിൽക്കുന്നതും അവിടെ നിന്ന് ഇന്ത്യ പകർത്തുകയും ചെയ്‌ത കീഴ്‌വഴക്കമാണ് ധനമന്ത്രി തിരുത്തിയത്.

ദേശീയമുദ്ര പതിച്ച ചുവന്ന തുണിയിൽ പൊതിഞ്ഞ് നാടകൊണ്ട് കെട്ടിയ പരമ്പരാഗത ഇന്ത്യൻ കണക്കു പുസ‌്തകം അഥവാ ലെഡ്‌ജറിന്റെ മാതൃകയാണ് നിർമ്മലാ സീതാരാമൻ സ്വീകരിച്ചത്. 'ബഹി ഖാത' എന്നാണ് ചുവന്ന തുണിയിൽ പൊതിഞ്ഞ ലെഡ്‌ജറിനു പറയുന്നത്. 'ബഹി ഖാത' ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പാശ്‌ചാത്യരോടുള്ള അടിമത്ത ചിന്തയിൽ നിന്നുള്ള മോചനമാണ് ഇതെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു.

ഇന്നലെ ബഡ്‌ജറ്റ് അവതരണത്തിനു ശേഷം മാദ്ധ്യമങ്ങളെ കണ്ടപ്പോൾ നിർമ്മലാ സീതാരാമനും ഇതിനെ ന്യായീകരിച്ചു. സ്യൂട്ട്കേസിനെക്കാൾ കൊണ്ടുനടക്കാൻ എളുപ്പമാണെന്നും അവർ പറഞ്ഞു. തുകൽ സഞ്ചി എന്ന് അർത്ഥം വരുന്ന ബൂഷെറ്റ് (Bougette ) എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് ബഡ്‌ജറ്റ് എന്ന വാക്കിന്റെ ഉത്പത്തി. പതിനെട്ടാം നൂറ്റാണ്ടിലാണ് 'ബഡ്‌ജറ്റ് പെട്ടി' ശീലത്തിന്റെ തുടക്കം.

1860 ൽ ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ദ്ധനായ വില്യം ഗ്ളാഡ്‌സ്‌റ്റണാണ് രാജ്ഞിയുടെ സുവർണമുദ്ര പതിച്ച ബ്രീഫ്‌കേസിൽ ആദ്യമായി ബഡ്‌ജറ്റ് രേഖകൾ കൊണ്ടുവന്നത്. അദ്ദേഹം പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി. തുടർന്ന് പല ബ്രിട്ടീഷ് ധനമന്ത്രിമാരും ബഡ്‌ജറ്റ് രേഖകൾ വഹിക്കാൻ ആ പെട്ടി തന്നെ ഉപയോഗിച്ചു.

1947ൽ ആർ.കെ. ഷൺമുഖം ചെട്ടിയാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബഡ്‌ജറ്റ് അവതരിപ്പിച്ചത്. 1950 ൽ ടി.ടി. കൃഷ്ണമാചാരി ഒരു ഫയൽ ബാഗ് ആണ് ഉപയോഗിച്ചത്. പിൽക്കാലത്ത് ഇന്ത്യൻ ധനകാര്യമന്ത്രിമാരെല്ലാം ചുവപ്പ്, കറുപ്പ് അല്ലെങ്കിൽ തവിട്ട് നിറങ്ങളിലുള്ള പെട്ടികളിലാണ് ബഡ്‌ജറ്റ് രേഖകൾ സൂക്ഷിച്ചത്. ജവഹർലാൽ നെഹ്‌റു മുതൽ പീയൂഷ് ഗോയൽ വരെയും ബ്രീഫ്‌കേസിനെ കൈവിട്ടില്ല.