ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപന തുടരുമെന്നും നടപ്പു സാമ്പത്തിക വർഷം ഇതിലൂടെ 1.05 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. ക്ഷേമ പദ്ധതികൾക്ക് പണം കണ്ടെത്തുക, ധനക്കമ്മി കുറയ്‌ക്കുക, മൂലധന പ്രതിസന്ധിയുള്ള സ്ഥാപനങ്ങൾ സർക്കാരിന് ബാദ്ധ്യതയാകുന്നത് ഒഴിവാക്കുക തുടങ്ങിയയാണ് ഓഹരി വിൽപ്പനയുടെ ലക്ഷ്യങ്ങൾ.
100 ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഓഹരികളും വിൽക്കും. കഴിഞ്ഞവർഷം എയർ ഇന്ത്യയുടെ 74 ശതമാനം ഓഹരികൾ വിൽക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും വാങ്ങാൻ ആരും വന്നില്ല. വ്യോമയാന രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുമെന്നാണ് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചത്. എയർ ഇന്ത്യയുടെ ഓഹരി വിൽപനയ്‌ക്ക് ഇത് കരുത്തേക്കും.
57 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്‌തിട്ടുള്ളത്. ഇവയുടെ മൊത്തം മൂല്യം 13 ലക്ഷം കോടി രൂപ വരും. 51 ശതമാനം ഓഹരി സർക്കാരിൽ നിലനിറുത്തി, ബാക്കി വിൽക്കാനാണ് നീക്കം. കൂടുതൽ ഓഹരികളും സർക്കാരിന്റെ കൈവശം ഉണ്ടാകുമെന്നതിനാൽ കമ്പനിയുടെ നിയന്ത്രണം സർക്കാരിന് തന്നെയായിരിക്കും.
വിൽപന വരുമാനം
പൊതുമേഖലാ ഓഹരി വിൽപനയിലൂടെ 2017-18ൽ ലക്ഷ്യമിട്ടത് 72,500 കോടി രൂപ. സമാഹരിച്ചത് ഒരു ലക്ഷം കോടി രൂപ
2018-19ൽ ലക്ഷ്യം 80,000 കോടി, സമാഹരണം 85,000 കോടി കവിഞ്ഞു.
2015-16ൽ 69,500 കോടിയും 2016-17ൽ 56,500 കോടിയുമാണ് നേടിയത്.
നടപ്പുവർഷം ലക്ഷ്യം 1.05 ലക്ഷം കോടി
എയർ ഇന്ത്യ
100 ശതമാനം ഓഹരികളും സർക്കാരിന്റെ കൈവശം
കമ്പനിയുടെ മൊത്തം കടബാദ്ധ്യത ₹58,000 കോടി
30,000 കോടിയുടെ രക്ഷാപാക്കേജിന്റെ പിൻബലത്തിലാണ് പ്രവർത്തനം
കഴിഞ്ഞ സാമ്പത്തികവർഷം നഷ്‌ടം 7,635 കോടി
13.5% വിപണി വിഹിതവുമായി രാജ്യത്തെ മൂന്നാമത്തെ വലിയ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ