vaiko

ചെന്നൈ: മറുമലർച്ചി ദ്രാവിഡ മുന്നേറ്റകഴകം (എം.ഡി.എം.കെ) നേതാവ് വൈകോയ്ക്ക് ഒരുവർഷം തടവും 10,000 രൂപ പിഴയും. 2009ൽ ശ്രീലങ്കയിലെ തമിഴ് വംശജരുമായി ബന്ധപ്പെട്ട് നടത്തിയ വിവാദപ്രസംഗത്തിനിടെ കേന്ദ്രസർക്കാരിനെ വിമർശിക്കുകയും ഇന്ത്യൻ പരമാധികാരത്തെ ചോദ്യം ചെയ്യുകയും ചെയ്തുവെന്ന കേസിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് വൈകോയ്ക്കെതിരെ നടപടിയെടുത്തത്. ചെന്നൈയിലെ പ്രത്യേക കോടതി ജഡ്ജി ജെ. ശാന്തിയാണ് ശിക്ഷ വിധിച്ചത്. ഡി.എം.കെ സർക്കാരിന്റെ കാലത്ത് 2010ലാണ് വൈകോയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം,​ വൈകോയ്ക്ക് അപ്പീൽ നൽകാനായി ശിക്ഷ ഒരുമാസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്.

2009 ജൂലായ് 15ന് വൈകോയുടെ പുസ്തകപ്രകാശന ചടങ്ങിൽവച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ അടിസ്ഥാനത്തിൽ,​ ശ്രീലങ്കയിൽ നടക്കുന്നത് എന്താണെന്ന വിഷയത്തിലെ ചർച്ചയ്ക്കിടെ തീവ്രവാദ സംഘടനയായ ലിബറേഷൻ ടൈഗേഴ്സ് ഒഫ് തമിഴ് ഈഴത്തെ (എൽ.ടി.ടി.ഇ)​ പിന്തുണച്ച് സംസാരിച്ചുവെന്നതാണ് വൈകോയ്ക്കെതിരെ ചുമത്തപ്പെട്ട കുറ്റം. ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന പ്രശ്നം എന്ന് കണ്ടാണ്,​ തമിഴ്നാട്ടിലെ തീവ്രവാദ വിരുദ്ധ സംഘം രാജ്യദ്രോഹക്കുറ്റം ചുമത്തി വൈകോയ്ക്കെതിരെ കേസെടുത്തത്.

രാജ്യസഭാതിരഞ്ഞെടുപ്പിൽ,​ തമിഴ്നാട്ടിൽനിന്നുള്ള ഡി.എം.കെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ,​ വൈകോ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നുള്ള വാർത്തകൾക്കിടെയാണ് ശിക്ഷാവിധി.