img201907

മുക്കം: മുക്കത്തെ പെൺകരുത്തിൽ വീടും മതിലുമുയരുന്നു. കിണറുകൾ തയ്യാറാകുന്നു. സിമന്റ് കട്ട (ബ്രിക്സ്) നിർമ്മിക്കുന്നതും കുമ്മായം കൂട്ടുന്നതുമെല്ലാം വനിതകൾ. പരമ്പരാഗതമായി പുരുഷന്മാർ ചെയ്തിരുന്ന കടുപ്പമേറിയ ജോലികൾ നിഷ്പ്രയാസം ചെയ്ത് മുന്നേറുകയാണീ കൂട്ടായ്മ. എമിനെന്റ് കൺസ്ട്രക്‌ഷൻ ഗ്രൂപ്പ് എന്ന് പേരിട്ടത് വെറുതേയല്ലെന്ന് തെളിയിച്ചുള്ള മുന്നേറ്റം.

മുക്കം നഗരസഭയാണ് കുടുംബശ്രീയെയും തൊഴിലുറപ്പിനെയും സംയോജിപ്പിച്ച് ഇങ്ങനെയൊന്നു തുടങ്ങിയത്. നഗരസഭയിലെ 15 കുടുംബശ്രീ അംഗങ്ങളാണ് നിർമാണ ഗ്രൂപ്പിനു പിന്നിൽ.

പ്രധാനമന്ത്രി ആവാസ് യോജന, ലൈഫ് ഭവന പദ്ധതികളിലെ നിർമാണമാണ് ആദ്യഘട്ടത്തിൽ ഇവർ ഏറ്റെടുക്കുന്നത്. നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായ നിജീഷ് എന്നയാൾക്ക് വേണ്ടിയുള്ള കിണർ ആദ്യം പൂർത്തിയാക്കി.

ഭവനപദ്ധതികളിലും മറ്റും ഉൾപ്പെടുന്ന പാവപ്പെട്ടവർക്ക് അനുഗ്രഹമാണ് എമിനെന്റ് ഗ്രൂപ്പ് . ചെലവ് കുറഞ്ഞു കിട്ടും. മലബാർ സിമന്റ്സിൽ നിന്ന് കുറഞ്ഞ നിരക്കിൽ ഇവർക്ക് സിമന്റ് ലഭിക്കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ ആനുകൂല്യം കൂടിയാകുമ്പോൾ പൊതുവിപണിയിൽ 32 രൂപ വില വരുന്ന സിമന്റ് കട്ടകൾ പത്ത് രൂപയ്ക്ക് വില്ക്കാനാകുന്നു.

അഞ്ച് വനിതകളാണ് പൂളപ്പൊയിലിലെ സിമന്റ് കട്ട നിർമാണയൂണിറ്റിലുള്ളത്. 12 വീടുകൾക്കാവശ്യമായ കട്ടകൾ ഇതിനകം നൽകി. ദിവസം 300 കട്ടകൾ നിർമിക്കാനുള്ള സംവിധാനമേയുള്ളൂ. 45 വീടുകൾക്കുള്ള ഓർഡർ കൂടി ലഭിച്ചതോടെ രണ്ടാമത്തെ കട്ട നിർമാണ യൂണിറ്റ് തുറക്കാനുള്ള ശ്രമത്തിലാണ്.

80 ലക്ഷത്തിന്റെ നിർമാണ യൂണിറ്റ്


വീട് നിർമാണം, കിണർ നിർമാണം എന്നിവയ്ക്കു പിന്നാലെ ഇക്കഴിഞ്ഞ മേയ് 29 നാണ് സിമന്റ് കട്ട നിർമാണമാരംഭിച്ചത്. 80 ലക്ഷം രൂപയാണ് ചെലവ്. തൊഴിലാളികളുടെ കൂലിയുൾപ്പെടെ എല്ലാം വഹിക്കുന്നത് നഗരസഭയാണ്.

കിണറിനെ തൊഴിലുറപ്പാക്കിയ വഴി

മുക്കം നഗരസഭാ സെക്രട്ടറി എൻ.കെ. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ തദ്ദേശ സ്ഥാപനങ്ങൾ സന്ദർശിച്ചാണ് കിണറിനെ തൊഴിലുറപ്പിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനകം ആറു കിണറുകൾ നിർമിച്ചു. പി.എം.എ.വൈ ഗുണഭോക്താക്കൾക്ക് 20 കിണറും മറ്റുള്ളവർക്ക് 30 കിണറും നിർമിക്കാൻ കരാറെടുത്തിട്ടുണ്ട്. മുക്കം മിനി സിവിൽ സ്റ്റേഷനിലും ഇവരാണ് കിണർ കുഴിക്കുന്നത്.