കോട്ടയം: വാഹനങ്ങൾ വാടകയ്‌ക്കെടുത്തശേഷം പണയം വച്ച് കാൽക്കോടിയോളം രൂപ തട്ടിയ സംഘത്തിലെ നാലു പേർ അറസ്റ്റിൽ. 24 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. വാകത്താനം പാലച്ചുവട് കടുവാക്കുഴിയിൽ കെ.എസ്. അരുൺ, പനച്ചിക്കാട് പൂവന്തുരുത്ത് പവർ ഹൗസ് മാങ്ങാപ്പറമ്പിൽ ജസ്റ്റിൻ വർഗീസ്, മലപ്പുറം മേലാറ്റൂർ പള്ളിപ്പടി ചാലിയത്തോടിക അഹമ്മദ് ഇർഫാനുൽ ഫാരിസ്, തൃശൂർ കൂർക്കഞ്ചേരി കൊട്ടക്കത്തിൽ ദിലീപ് എന്നിവരെയാണ് ഡിവൈ.എസ്.പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. സംക്രാന്തി സ്വദേശി മനാഫ് നസീർ, പനച്ചിക്കാട് തുണ്ടിയിൽ ശംഭു ഉണ്ണി എന്നിവരെ പിടികൂടാനുണ്ട്.
നഗരത്തിലെ ലോഡ്‌ജ് കേന്ദ്രീകരിച്ച് ചീട്ടുകളി നടക്കുന്നതായി ഒരാഴ്‌ച മുൻപ് ജില്ലാ പൊലീസ് മേധാവി പി.എസ്. സാബുവിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. ചോദ്യം ചെയ്‌തതോടെ കാറുകൾ പണയം വച്ച് പണം തട്ടുന്ന സംഘത്തിൽ പെട്ടവരാണെന്ന് വ്യക്തമായി. ഓണംതുരുത്ത് സ്വദേശിയായ യുവാവിൽ നിന്ന് വാടകയ്‌ക്കെടുത്ത ഇന്നോവ ക്രിസ്റ്റ രണ്ടര ലക്ഷം രൂപയ്‌ക്ക് പണയം വച്ചിരുന്നു. ഇയാളാണ് കേസിലെ പ്രധാന പരാതിക്കാരൻ.
വാഹനം പണയം വച്ച് ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനും ക്രിമിനൽ പ്രവർത്തനങ്ങൾക്കുമാണ് ഉപയോഗിച്ചിരുന്നത്. പ്രവാസികൾക്ക് വാടകയ്‌ക്ക് നൽകാനെന്ന പേരിൽ കോളേജ് വിദ്യാർത്ഥികളുടെ ഇടനിലയിലാണ് വാഹനങ്ങൾ സംഘടിപ്പിച്ചിരുന്നത്. വിദ്യാർത്ഥികൾക്ക് ലഹരിയും ഭക്ഷണവും ആയിരം രൂപയും നൽകും. പ്രതിദിനം ആയിരം രൂപ വാടക വാഗ്‌ദാനം ചെയ്‌ത് വാങ്ങുന്ന വാഹനങ്ങൾ രണ്ടും മൂന്നും ലക്ഷത്തിന് പണയം വയ്‌ക്കും. വാഹനം തേടി ഉടമ എത്തിയാൽ ആദ്യം ഭീഷണിപ്പെടുത്തും. വഴങ്ങാതെ വന്നാൽ മറ്റേതെങ്കിലും വാഹനം പകരം പണയം വച്ച് ഇവരുടെ വാഹനം എടുത്തുകൊടുക്കും. നൂറുകണക്കിന് വാഹനങ്ങളാണ് പ്രതികൾ തട്ടിയെടുത്തത്. കോവളം, കൊല്ലം, എഴുപുന്ന, തൃശൂർ, പുതുക്കാട്, കുറ്റിപ്പുറം, പാണ്ടിക്കാട്, കൊയിലാണ്ടി, കോട്ടക്കൽ, കരിപ്പൂർ, കോഴിക്കോട്, വടക്കൻ പറവൂർ, അതിരപ്പള്ളി - മലക്കപ്പാറ, ബാലുശ്ശേരി, കോതമംഗലം എന്നിവിടങ്ങളിലാണ് വാഹനങ്ങൾ പണയം വച്ചിരുന്നത്.
ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ഐ നിർമ്മൽ ബോസ്, ഡിവൈ.എസ്.പി ഓഫീസിലെ സീനിയർ സിവിൽ പൊലിസ് ഓഫീസർ കെ.ആർ. അരുൺ കുമാർ, എ.എസ്.ഐ കെ.ആർ. പ്രസാദ്, സിവിൽ പൊലീസ് ഓഫീസർ കെ.എൻ. രാധാകൃഷ്‌ണൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പൊറോട്ടയ്ക്കും ബീഫിനും ശാഠ്യം, പൊലീസ് വഴങ്ങി
കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്നലെ രാവിലെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ കഴിക്കാൻ കൊടുത്തത് കപ്പയും കഞ്ഞിയുമാണ്. എന്നാൽ ഒരു ആഡംബര ഹോട്ടലിൽ നിന്നുള്ള പൊറോട്ടയും ബീഫും തന്നെ വേണമെന്ന് പ്രതികൾ ശഠിച്ചു. അതില്ലെങ്കിൽ ഭക്ഷണമേ വേണ്ടെന്ന നിലപാടെടുത്തതോടെ പൊറോട്ടയും ബീഫും വാങ്ങി നൽകേണ്ടിവന്നു.