കൊച്ചി: അഞ്ചുവർഷത്തിനകം ഇന്ത്യയെ അഞ്ചുലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയാക്കി ഉയർത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള 'നിർണായക ചുവടുവയ്‌പ്പ്" എന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച ബഡ്‌ജറ്രിനെ വിശേഷിപ്പിക്കാം. ലക്ഷ്യം കൈവരിക്കണമെങ്കിൽ ഇന്ത്യ ഇനിയുള്ള അഞ്ചുവർഷക്കാലം ശരാശരി എട്ട് ശതമാനം ജി.ഡി.പി വളർച്ച നേടണം.

കഴിഞ്ഞ സാമ്പത്തിക വർഷം വളർച്ച 6.8 ശതമാനമായിരുന്നു. എട്ട് ശതമാനം വളർച്ച നേടാനായി,​ രാജ്യത്തിന് അനിവാര്യ പിന്തുണ നൽകേണ്ട മേഖലകളെയാണ് ബഡ്‌ജറ്റിൽ നിർമ്മല കാര്യമായി പരിഗണിച്ചത്. അടിസ്ഥാനസൗകര്യ മേഖലയിൽ അ‌ഞ്ചുവർഷത്തിനകം 100 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനം വിദേശ നിക്ഷേപവും തൊഴിലവസരങ്ങളും ഉയർത്താൻ സഹായിക്കും. സമ്പദ്‌വളർച്ചയ്‌ക്കും ഇതു താങ്ങാകും.

25 ശതമാനം കോർപ്പറേറ്റ് നികുതി ബാധകമായ വിറ്റുവരവിന്റെ പരിധി 250 കോടി രൂപയിൽ നിന്ന് 400 കോടി രൂപയാക്കി ഉയർത്തിയത് എം.എസ്.എം.ഇകൾക്ക് ഗുണം ചെയ്യും. 99.3 ശതമാനം കമ്പനികൾക്കും നേട്ടമാകുന്ന നടപടിയാണിതെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എം.എഎസ്.എം.ഇ സംരംഭകർക്ക് 59 മിനുട്ടിനകം ഒരു കോടി രൂപവരെ വായ്‌പ ലഭ്യമാക്കുമെന്നും പ്രഖ്യാപനമുണ്ട്. മീഡിയ,​ വ്യോമയാനം,​ ഇൻഷ്വറൻസ്,​ ഏക ബ്രാൻഡ് റീട്ടെയിൽ മേഖലകളിൽ വിദേശ നിക്ഷേപ പരിധി കൂട്ടുന്നത് പണലഭ്യത കൂട്ടുകയും തൊഴിലവസരങ്ങൾ ഉയർത്തുകയും ചെയ്യും.

പൊതുമേഖലാ ബാങ്കുകൾക്ക് മൂലധന സഹായമായി 70,​000 കോടി രൂപ കൂടി അനുവദിക്കും. ഇത്,​ വായ്‌പാ ലഭ്യത വർദ്ധിപ്പിക്കും. വ്യവസായ-വാണിജ്യ മേഖലകൾക്കിത് നേട്ടമാകും. എൻ.ബി.എഫ്.സികളുടെ പ്രതിസന്ധി ഒഴിവാക്കാനുള്ള നടപടിയും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മൂലധന സഹായ പ്രഖ്യാപനത്തെ തുടർന്ന് ഇന്നലെ ഓഹരി വിപണിയിൽ ബാങ്കിംഗ് ഓഹരികൾ മികച്ച മുന്നേറ്റം നടത്തി.

കാർഷിക,​ ഗ്രാമീണ മേഖലകൾക്കും ബഡ്‌ജറ്റിൽ ഊന്നലുണ്ട്. ഡിജിറ്റൽ ഇന്ത്യ,​ സ്‌കിൽ ഇന്ത്യ,​ വിദ്യാഭ്യാസം,​ ഗവേഷണം എന്നിവയ്‌ക്കും പരിഗണന ലഭിച്ചു. ജനജീവിതം മെച്ചപ്പെടുത്തുമെന്ന് (ഈസ് ഒഫ് ലിവിംഗ്)​ പ്രഖ്യാപിച്ച ധനമന്ത്രി 2022നകം രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും 100 ശതമാനം വൈദ്യുതിയും എൽ.പി.ജിയും ഉറപ്പുനൽകിയിട്ടുണ്ട്.

ആദായ നികുതി:

സമ്പന്നർക്ക് കോട്ടം

ആദായ നികുതി സ്ളാബ് പരിഷ്‌കരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബഡ്‌‌ജറ്റിൽ അതുണ്ടായില്ല. അതിസമ്പന്നരെ പിഴിയുന്ന ഇൻഹെരിറ്റൻസ് ടാക്‌സും (എസ്‌റ്റേറ്റ് ടാക്‌സ്)​ കൊണ്ടുവന്നില്ല. അഞ്ചുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയ ഇടക്കാല ബഡ്‌ജറ്റിലെ തീരുമാനം നിർമ്മല സീതാരാമനും ശരിവച്ചു.

അതേസമയം,​ രണ്ടു കോടിക്കും അഞ്ചുകോടിക്കും ഇടയിൽ വാർഷിക വരുമാനമുള്ളവർക്ക് അധികമായി മൂന്നു ശതമാനവും അഞ്ചു കോടി രൂപയ്‌ക്കുമേൽ വരുമാനമുള്ളവർക്ക് ഏഴ് ശതമാനവും അധിക സർചാർജ് ഏർപ്പെടുത്തി. ഇതോടെ,​ ഇവരുടെ മൊത്തം നികുതി ബാദ്ധ്യത യഥാക്രമം 39 ശതമാനവും 42.74 ശതമാനവുമായി.

ഭവന വായ്‌പയിൽ

നേട്ടം കൊയ്യാം

ഭവന വായ്‌പയിന്മേലുള്ള പലിശയ്ക്ക് നിലവിൽ രണ്ടുലക്ഷം രൂപ വരെ ആദായ നികുതി ആനുകൂല്യമുണ്ട്. ഇത് ധനമന്ത്രി ഇന്നലെ മൂന്നരലക്ഷം രൂപയായി ഉയർത്തി. 2020 മാർച്ച് 31നകം നേടുന്ന 45 ലക്ഷം രൂപവരെയുള്ള വായ്‌പകൾക്കാണ് ബാധകം. ഇതുവഴി 15 വർഷക്കാലയളവിൽ ഏഴുലക്ഷം രൂപവരെ നേട്ടമുണ്ടാക്കാനാകും.

3.3%

നടപ്പുവർഷം ധനക്കമ്മി ലക്ഷ്യം ജി.ഡി.പിയുടെ 3.3 ശതമാനമായി കുറച്ചു. 2018-19ൽ ഇത് 3.4 ശതമാനമായിരുന്നു.

2%

കാഷ്‌ലെസ് സമ്പദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ വളർത്താൻ പ്രതിവർഷം ഒരുകോടി രൂപയ്ക്കുമേൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ചാൽ രണ്ടു ശതമാനം നികുതി.

സ്‌റ്റാർട്ടപ്പ് ഇന്ത്യ

ഏഞ്ചൽ നികുതി വ്യവസ്ഥ ലഘൂകരിക്കാനും ആദായ നികുതി പരിശോധന ഒഴിവാക്കാനുമുള്ള നീക്കം സ്‌റ്റാർട്ടപ്പുകൾക്ക് ഗുണം ചെയ്യും. ഇന്ത്യയിൽ ഏകദേശം 16,​500 സ്‌റ്റാർട്ടപ്പുകൾ ഉണ്ടെന്നാണ് കണക്ക്. സ്‌റ്റാർട്ടപ്പ് ചാനൽ തുടങ്ങുമെന്നും പ്രഖ്യാപനമുണ്ട്.

നിരത്ത് വാഴാൻ

ഇ-വണ്ടികൾ

ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് അ‌്ചു ശതമാനമാക്കാൻ ശുപാർശ ചെയ്‌ത ധനമന്ത്രി,​ ഇലക്‌ട്രിക് വാഹന വായ്‌പ എടുക്കുന്നവർക്ക് ആദായ നികുതിയിൽ ഒന്നരലക്ഷം രൂപ ഇളവും പ്രഖ്യാപിച്ചു. കൂടുതൽ ആനുകൂല്യങ്ങളും ഈ മേഖലയിൽ അനുവദിക്കുമെന്ന പ്രഖ്യാപനവുമുണ്ട്.

10%

ഓഹരി,​ മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭത്തിന് ഈടാക്കുന്ന ദീർഘകാല മൂലധന നേട്ട നികുതി (എൽ.ടി.സി.ജി)​ ധനമന്ത്രി 10 ശതമാനത്തിൽ നിലനിറുത്തി. ഇതിന്റെ പശ്‌ചാത്തലത്തിൽ ഓഹരി സൂചികകളായ സെൻസെക്‌സ് 394 പോയിന്റും നിഫ്‌റ്റി 135 പോയിന്റും ഇന്നലെ ഇടിഞ്ഞു.

വനിതാ ബഡ്‌ജറ്റ്

സ്‌ത്രീകൾക്ക് വലിയ പ്രാധാന്യമാണ് നിർമ്മല സീതാരാമൻ ബഡ്‌ജറ്റിൽ നൽകിയത്. സ്‌ത്രീ ആധിപത്യ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. സെൽഫ് ഹെൽപ് ഗ്രൂപ്പ് (എൽ.എച്ച്.ജി)​ അംഗത്വവും ജൻധൻ അക്കൗണ്ടുമുള്ളവർക്ക് 5,​000 രൂപയുടെ ഓവർഡ്രാഫ്‌റ്റ്,​ ഒരുലക്ഷം രൂപവരെ മുദ്രാവായ്‌പ വാഗ്‌ദാനങ്ങളുമുണ്ട്.

ടൂറിസം,​ ആരോഗ്യ

മേഖലകൾക്ക് നിരാശ

17 ഐക്കണിക് ടൂറിസം കേന്ദ്രങ്ങളെ ലോക നിലവാരത്തിൽ ഉയർത്തുമെന്ന് പ്രഖ്യാപിച്ചതല്ലാതെ ടൂറിസം മേഖലയെ ബഡ്‌ജറ്റിൽ കാര്യമായി പരിഗണിച്ചില്ല. കരകൗശല രംഗത്ത് 100 പുതിയ ക്ളസ്‌റ്ററുകൾ തുടങ്ങുമെന്ന പ്രഖ്യാപനം 50,​000 പേരെ സംഘടിത സാമ്പത്തിക മേഖലയിലേക്ക് ഉയർത്തും. 'ഒരു രാജ്യം,​ ഒരു കാർഡ്" എന്ന പ്രഖ്യാപനവും ടൂറിസത്തിന് ഗുണം ചെയ്യും. ആരോഗ്യ മേഖലയ്ക്കായി കാര്യമായ പ്രഖ്യാപനങ്ങളില്ല.

കച്ചവടക്കാർക്ക്

പെൻഷൻ

റീട്ടെയിൽ വ്യാപാരികൾക്ക് പെൻഷൻ ഏർപ്പെടുത്തും. ഒന്നര കോടി രൂപയ്ക്കു താഴെ വിറ്റുവരവുള്ളവർക്കാണ് ബാധകം. മൂന്നു കോടിപ്പേർക്ക് നേട്ടമുണ്ടാകും.

സീറോ ബഡ്‌ജറ്ര് കൃഷി

കർഷക വരുമാനം 2022ഓടെ ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം നിർമ്മ സീതാരാമനും ആവർത്തിച്ചു. കൃഷിക്ക് അവശ്യവസ്‌തുക്കളും പണലഭ്യതയും ഉറപ്പാക്കുന്ന സീറോ ബഡ്‌ജറ്റ് ആശയമാണ് ധനമന്ത്രി മുന്നോട്ടുവച്ചത്. കിസാൻ ക്രെഡിറ്റ് കാർഡിൽ പലിശരഹിത വായ്‌പ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. പി.എം-കിസാൻ ആനുകൂല്യം 8,​000 രൂപയാക്കിയേക്കുമെന്ന പ്രതീക്ഷകളും അസ്ഥാനത്തായി. 10,​000 പുതിയ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ തുടങ്ങുമെന്ന് പ്രഖ്യാപനമുണ്ട്.

തിരിച്ചടിയായി ഇന്ധന

നികുതി വർദ്ധന

പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ വീതം എക്‌സൈസ് നികുതിയും ഒരു രൂപ അടിസ്ഥാന സൗകര്യ സെസും വർദ്ധിപ്പിച്ച നടപടി,​ ഇന്ധന വില ഉയർത്തുക മാത്രമല്ല,​ രാജ്യത്ത് വിലക്കയറ്റവുമുണ്ടാക്കും. കാർഷിക,​ വ്യവസായ മേഖലകളിലും ഇന്ധന വിലവർദ്ധനയുടെ പ്രത്യാഘാതമുണ്ടാകും.