തിരുവനന്തപുരം: കേരളത്തിന് ഇത്തവണയും എയിംസ് മെഡിക്കൽ കോളേജ് അനുവദിച്ചില്ലെന്നും സംസ്ഥാനത്തോട് അനുഭാവം കാട്ടാത്ത ബഡ്ജറ്റാണ് കേന്ദ്രസർക്കാരിന്റേതെന്നും കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോടുള്ള ഈ സമീപനം നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്രോളിലും ഡീസലിലും ഉണ്ടായ വിലവർദ്ധന ഏറ്റവും കൂടുതൽ ബാധിക്കുക കേരളത്തെയാണെന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും പലവിധത്തിലുള്ള ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന കേരളത്തിന് ഇന്ധന വിലവർദ്ധന താങ്ങാനാകാത്ത ഭാരമാകും സൃഷ്ടിക്കുക എന്നും പിണറായി വിജയൻ പറഞ്ഞു.
ചരക്കുകടത്ത് കൂലിയിൽ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വരെ ഇതുമൂലം മാലപ്പടകത്തിന് തീകൊളുത്തിയത് പോലെ വില വർദ്ധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജലജീവൻ മിഷനെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന കേന്ദ്രം കേരളത്തിലെ ഉൾനാടൻ ജലപാതകൾ നവീകരിക്കുന്നതിനെ കുറിച്ചും ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷം കൊച്ചിൻ ഷിപ്യാർഡിന് 660 കോടി അനുവദിച്ച കേന്ദ്രം ഇത്തവണ വെറും 495 കോടി മാത്രമേ തന്നുള്ളൂ എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കൊച്ചിൻ പോർട്ട് ട്രസ്റ്റിന് നൽകിയ 67 കോടി ഇത്തവണ 46 കൂടിയായി കുറഞ്ഞു. റബർ ബോർഡിന് 172 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം കേന്ദ്രം അനുവദിച്ചത്. അതും 170 കോടി ആയി കുറഞ്ഞു. നിരവധി വർദ്ധനകൾ ആവശ്യമുള്ള സമയത്താണ് ഇത്തരത്തിൽ വിഹിതങ്ങൾ കേന്ദ്രം വെട്ടിക്കുറയ്ക്കുന്നത്. പിണറായി വിമർശിച്ചു. പ്രളയത്തിന്റെ പശ്ചാത്തലം കണക്കിലെടുത്ത് വായ്പാപരിധി വർദ്ധിപ്പിക്കണമെന്നുള്ള കേരളത്തിന്റെ നിർദ്ദേശത്തെയും കേന്ദ്രം അവഗണിച്ചുവെന്നും പുതിയ ബഡ്ജറ്റിലൂടെ സഹിക്കാനാകാതെ സാമ്പത്തിക ഭാരമാണ് കേന്ദ്രം കേരളത്തിന് മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നതിനും മുഖ്യമന്ത്രി പറഞ്ഞു.