ന്യൂഡൽഹി: ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ വാങ്ങിക്കാനും മറ്റുമായി ആകെമൊത്തം കേന്ദ്രസർക്കാർ ചിലവഴിച്ചത് 4000 കോടി രൂപ. ബഡ്ജറ്റ് രേഖയിലാണ് ഈ തുക കാണിച്ചിരിക്കുന്നത്. 2018-2019 കാലഘട്ടത്തിലാണ് കേന്ദ്രസർക്കാർ ഇത്രയും തുക ഇ.വി.എമ്മുകൾക്കായി ചെലവഴിച്ചത്. വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 1000 കോടി രൂപയാണ് ഇത്തവണത്തെ ബഡ്ജറ്റിൽ കേന്ദ്ര സർക്കാർ വകയിരുത്തിയിരിക്കുന്നത്.
ഇനിയുള്ള തിരഞ്ഞടുപ്പിൽ ഉണ്ടാകാൻ പോകുന്ന ചെലവുകൾ മുൻകൂട്ടി കണ്ടുള്ള ഏകദേശ കണക്കാണ് 1000 കോടി. ഈ തുക കൂടാനും സാധ്യതയുണ്ട്. തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിന് ഉണ്ടായ മറ്റ് ചിലവുകൾക്കും, സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും തിരഞ്ഞെടുപ്പുകൾക്കും മറ്റുമായി ചിലവായ തുകയായ 339.54 കോടി രൂപയും സർക്കാരിലേക്ക് തിരിച്ചു പിടിക്കും എന്നും ബഡ്ജറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കാലഹരണപ്പെട്ട വോട്ടിംഗ് യന്ത്രങ്ങൾ നശിപ്പിച്ച് കളയാനും ഈ തുക ഉപയോഗിക്കും.
കൃത്യമായി 3902.17 കോടി രൂപയാണ് വോട്ടിംഗ് യന്ത്രങ്ങൾ വാങ്ങിക്കാൻ കേന്ദ്ര സർക്കാരിന് ചെലവായത്. പത്ത് ലക്ഷത്തിൽ കൂടുതൽ ഇ.വി.എമ്മുകളാണ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തിയത്. ഇത്രത്തന്നെ പേപ്പർ ട്രെയിൽ യന്ത്രങ്ങളും തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുണ്ട്. ചുരുങ്ങിയത് ഒരു കണ്ട്രോൾ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റും ചേർന്നതാണ് ഒരു ഇ.വി.എം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി ആണ് പേപ്പർ ട്രെയിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നത്.