അഹമ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസ് എം.എൽ.എമാരായ അൽപേഷ് താക്കൂറും ദൽവാൽ സിംഗ് സലയും രാജിവച്ചു. രാജ്യസഭ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരേ വോട്ട് ചെയ്യുകയും അത് പരസ്യമായി പ്രസ്താവിക്കുകയും ചെയ്ത ആളാണ് അൽപേഷ്.
''കോൺഗ്രസ് നേതാക്കൾ തങ്ങളെ വീണ്ടും അപമാനിക്കുകയാണ്. പാർട്ടിയിലെ നേതൃനിരയിലുള്ളവർ താഴേതട്ടിലുള്ള പ്രവർത്തകരെ പരിഗണിക്കാറില്ല. ഇതെല്ലാം കണക്കിലെടുത്ത് എന്റെ കോൺഗ്രസ് എം.എൽ.എ സ്ഥാനം ഞാൻ രാജിവയ്ക്കുകയാണ്"- അൽപേഷ് വ്യക്തമാക്കി.
''കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് നിരീക്ഷകർ എന്റെ വോട്ടിന്റെ പേരിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. അപ്പോൾ തന്നെ നിങ്ങൾക്ക് മനസിലായിക്കാണുമല്ലോ ഞാൻ ആർക്കാണ് വോട്ട് ചെയ്തിരിക്കുകയെന്ന്"- എന്നാണ് ലോക്സഭ തിരഞ്ഞെടുപ്പിനെ തുടർന്ന് ഒഴിവ് വന്ന രണ്ട് രാജ്യസഭ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരേ വോട്ട് ചെയ്തതിനുശേഷം അൽപേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
കഴിഞ്ഞ മാസമാണ് അൽപേഷിന്റെ എം.എൽ.എ സ്ഥാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഗുജറാത്ത് ഹൈക്കോടതിയെയും നിയമസഭാ സ്പീക്കറെയും സമീപിച്ചത്. കഴിഞ്ഞ ഏപ്രിലിൽ കോൺഗ്രസ് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും അൽപേഷ് രാജിവച്ചിരുന്നെങ്കിലും എം.എൽ.എ സ്ഥാനത്ത് തുടരുകയായിരുന്നു.