അഹമ്മദാബാദ് : വെള്ളിയാഴ്ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എമാരായ അൽപേഷ് താക്കൂറും ധവാൽസിംഗ് സലയും രാജിവച്ചു.കോൺഗ്രസിൽ നിന്ന് രാജിവച്ചതായി നേരത്തെ പ്രഖ്യാപിച്ച അല്പേഷ് താക്കൂർ ഇന്ന് എം.എൽ.എ സ്ഥാനവും രാജിവയ്ക്കുകയായിരുന്നു. അതേസമയം ഇരുവരും ബി.ജെ.പി സ്ഥാനാർത്ഥികൾക്കാണ് വോട്ട് ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു.
രാഹുൽ ഗാന്ധിയെ വിശ്വസിച്ചാണ് കോൺഗ്രസിൽ ചേർന്നത്. എന്നാൽ അദ്ദേഹം ഞങ്ങൾക്കുവേണ്ടി ഒന്നും ചെയ്തില്ല. അതുകൊണ്ട് തന്നെ കോൺഗ്രസ് എം.എൽ.എ എന്ന സ്ഥാനം രാജിവക്കുകയാണെന്ന് ഇരുവരും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒ.ബി.സി നേതാവായ അല്‍പേഷ് താക്കൂർ കഴിഞ്ഞ ഏപ്രിലിൽ കോൺഗ്രസിൽ നിന്ന് രാജിവക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. .
രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ സീറ്റ് ക്രമം പ്രകാരം ബി.ജെ.പിക്കും കോൺഗ്രസിനും ഓരോ അംഗങ്ങളെ വീതം രാജ്യസഭയിലേക്ക് അയയ്ക്കാം. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഒ.ബി.സി നേതാവ് ജുഗ്ലാജി താക്കൂർ എന്നിവരെയാണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്. ചന്ദ്രിക ചുദാസമ, ഗൗരവ് പാണ്ഡ്യ എന്നിവരാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ.
കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, അമിത് ഷാ എന്നിവർ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് സ്ഥാനാർത്ഥികളെയും ജയിപ്പിക്കാനാണ് രണ്ട് തവണയായി തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.