ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവച്ച അന്നുതന്നെ സിനിമ കാണാനെത്തി രാഹുൽ ഗാന്ധി. രാഹുൽ സിനിമ കാണാൻ തീയേറ്ററിൽ ഇരിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ വഴി വൈറൽ ആയിട്ടുണ്ട്. ഡൽഹിയിലെ ഒരു ഫോട്ടോ ജേർണലിസ്റ്റാണ് ഇവിടുത്തെ ചാണക്യ കോംപ്ലക്സിലുള്ള പി.വി.ആർ തീയറ്ററിൽ വച്ച് രാഹുൽ ഗാന്ധി 'ആർട്ടിക്കിൾ 15' എന്ന ആയുഷ്മാൻ ഖുറാന ചിത്രം കാണാനെത്തിയതിന്റെ ദൃശ്യങ്ങൾ തന്റെ മൊബൈൽ ഫോണിൽ പകർത്തിയത്.
സിനിമ തുടങ്ങാനായി മുന്നിലേക്ക് ചാഞ്ഞുകൊണ്ട് കാത്തിരിക്കുന്ന രാഹുലിനെയാണ് വീഡിയോയിൽ കാണുന്നത്. കൈയിലുള്ള പോപ്പ്കോൺ ബാഗിൽ നിന്നും രാഹുൽ പോപ്പ്‌കോൺ കൊറിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ ഇതിനോടകം രണ്ട് ലക്ഷത്തിൽപരം ആൾക്കാർ കണ്ടിട്ടുണ്ട്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും രാഹുൽ ഗാന്ധി സിനിമ കാണുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. അന്ന് ഒരു ഹോളിവുഡ് സിനിമ കാണാനായിരുന്നു രാഹുൽ എത്തിയത്. വോട്ടെണ്ണൽ സമയത്താണ് രാഹുൽ അന്ന് സിനിമ കാണാൻ എത്തിയത്.
എന്നാൽ തിരഞ്ഞെടുപ്പിൽ തോൽവി നേരിട്ട ശേഷം സിനിമ കാണാൻ എത്തുന്ന ആദ്യ നേതാവല്ല രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ ആദ്യ രൂപമായ ജനസംഘത്തിന്റെ ഭാഗമായിരുന്ന കാലത്ത് പാർട്ടിയുടെ തലതൊട്ടപ്പൻമാരായിരുന്ന എൽ.കെ. അദ്വാനിയും അടൽ ബിഹാരി വാജ്‌പേയിയുമാണ് തങ്ങൾക്കേറ്റ തോൽവിക്ക് ശേഷം ഡൽഹിയിൽ സിനിമ കാണാനായി എത്തിയത്. 1958ൽ ഡൽഹിയിൽ നടന്ന നഗരസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിന് ശേഷമാണ് 'ഫിർ സുബഹ് ഹോഗി'(വീണ്ടും പ്രഭാതം വരും) എന്ന രാജ് കപൂർ ചിത്രം കാണാൻ അന്ന് തീയറ്ററിൽ എത്തിയത്. മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പവൻ കുമാർ ബൻസാലാണ് രാഹുലിന്റെ വീഡിയോയ്ക്ക് പ്രതികരിച്ച് ട്വിറ്ററിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.