മുംബയ്: കോഴിവണ്ടികൾ വഴിയരികിൽ നിറുത്തിയിട്ടെന്നാരോപിച്ച്, ശിവസനേ നേതാവും സംഘവും ലോറി ജീവനക്കാരെ മർദ്ദിച്ചു. മുംബയിലെ മഹിമിലാണ് സംഭവം. ഇറച്ചിക്കോഴികളെ കയറ്റിയ ലോറികൾ മഹിം റെയിൽവേസ്റ്റഷൻ പരിസരത്ത് നിറുത്തിയിട്ടതായി ആരോപിച്ചാണ് ലോറി ഡ്രൈവർമാരെയും ജീവനക്കാരെയും ശിവസേന നേതാവും മുംബയ് മുൻ മേയറുമായ മിലിന്ദ് വൈദ്യയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
വാഹനങ്ങൾ ഇവിടെ നിറുത്തിയിടുന്നത് പ്രദേശത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് മിലിന്ദ് വൈദ്യ ആരോപിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി മുംബയ് മുനിസിപ്പൽ കോർപറേഷനിൽ ഈ പ്രശ്‌നം ഉന്നയിക്കുന്നു. ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ഇപ്പോൾ നിയമം കൈയ്യിലെടുക്കേണ്ടിവന്നതെന്നും വൈദ്യ പറയുന്നു. നേതാക്കളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരെയും സാധാരണ ജനങ്ങളെയും വിവിധ കാരണങ്ങളുടെ പേരിൽ ആക്രമിക്കുന്ന നിരവധി സംഭവങ്ങൾ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിൽ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.