home-budget

സ്വന്തമായൊരു വീട് സ്വപ്നം കാണുന്ന സാധാരണക്കാരന് ഒരേസമയം പ്രതീക്ഷയും ആശങ്കയും നൽകുന്നതാണ് മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്. പ്രധാൻമന്ത്രി ആവാസ് യോജന പ്രകാരം അഞ്ചു വർഷം കൊണ്ട് 1.95 കോടി വീടുകൾ നിർമ്മിക്കുമെന്ന പ്രഖ്യാപനം സാധാരണക്കാരന്റെ വീട് എന്ന സ്വപ്നത്തിന് ചിറകുകൾ നൽകുന്നു. അതേസമയം ഇന്ധന വില ഉയർത്തുമെന്ന പ്രഖ്യാപനം സിമെന്റ് ഉൾപ്പെടെയുള്ള നിർമ്മാണസാമഗ്രികളുടെ വില വർദ്ധനയ്ക്കിടയാക്കുമെന്നാണ് ആശങ്ക ഉയരുന്നത്.

2020 മാർച്ച് 31 വരെ എടുക്കുന്ന 40 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്ക് 1.5 ലക്ഷം രൂപയുടെ അധിക നികുതി കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഇത് 2 ലക്ഷമാണ്. റിസർവ് ബാങ്ക് റിപ്പോ റേറ്റ് കുറച്ചതും ഭവനവായ്പ എടുക്കുന്നവർക്കു പ്രയോജനപ്പെടും. പലിശനിരക്ക് കുറയുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമേകും.

പ്രധാൻമന്ത്രി ആവാസ് യോജന വഴി അഞ്ചു വർഷം കൊണ്ട് 1.95 കോടി വീടുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. 2022ഓടെ എല്ലാവർക്കും വീട് ഉറപ്പാക്കും തുടങ്ങിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷ നൽകുന്നു. 2019 മാർച്ചിൽ അവസാനിക്കേണ്ടിയിരുന്ന പദ്ധതി 2022 വരെ നീട്ടിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലുള്ളവർക്കും സ്വന്തമായി വീട് പദ്ധതിക്ക് വിഹിതം ഉണ്ടാകും. നഗരങ്ങളിൽ താമസിക്കുന്നവർക്കായുള്ള പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിക്ക് കൂടുതൽ വിഹിതം ലഭിച്ചേക്കും. പി.എം.എ.വൈ വഴി നഗരങ്ങളിൽ വീട് വയ്ക്കുകയോ വാങ്ങുകയോ ചെയ്യുന്നവർക്ക് രണ്ടു ലക്ഷം രൂപ വരെ സബ്സിഡി ലഭ്യമാക്കുന്നതാണ് പദ്ധതി.

വീട് വാങ്ങുകയോ നിർമിക്കുകയോ ചെയ്യുന്നവർക്ക് നികുതി ഇളവ് ലഭ്യമാകും. നിർമാണത്തിലിരിക്കുന്ന വസ്തുവോ കെട്ടിടമോ വാങ്ങിക്കുമ്പോൾ ഇൻപുട്ട് ക്രെഡിറ്റ് കുറയ്ക്കുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമേകും.

പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപ റോഡ് സെസ് ഏർപ്പെടുത്തിയതോടെ വില കൂടുമെന്നുറപ്പായി. ഇന്ധന വില ഉയരുന്നതിന് ആനുപാതികമായി ചരക്കുകൂലിയിൽ ഉണ്ടാകുന്ന വർദ്ധന സിമെന്റ് ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾക്ക് വില വർദ്ധിക്കുന്നതിന് ഇടയാക്കും. കൂടാതെ വീട് നിർമ്മാണത്തിനുള്ള വസ്തുക്കൾക്ക് ബഡ്ജറ്റിൽ തന്നെ വർദ്ധന ഏർപ്പെടുത്തിയിട്ടുമുണ്ട്. സെറാമിക് റൂഫിംഗ്, വോൾ ടൈൽസ് എന്നിവയ്ക്ക് വില കൂടുമെന്നാണ് ബഡ്ജറ്റിൽ പറയുന്നത്.

മെറ്റൽ ഫിറ്റിംഗ്സ്, സ്‌പ്ലിറ്റ് എ.സി, പ്ലഗ്, സോക്കറ്റ്, സ്വിച്ച്, സെറാമിക് റൂഫിംഗ്, വോൾ ടൈൽസ്, സ്റ്റെയിൻലസ് സ്റ്റീൽ, മാർബിൾ സ്ലാബ്

തുടങ്ങിയവയുടെ വിലവർദ്ധന പുതുതായി വീട് നിർമ്മിക്കുന്നവർക്ക് അധിക ബാദ്ധ്യതയായി മാറും.