ന്യൂഡൽഹി: ആം ആദ്മി പാർട്ടി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനും പാർട്ടി നേതാക്കൾക്കുമെതിരെ കേസെടുത്ത് ഡൽഹിയിലെ കോടതി. ആം ആദ്മി 2014ൽ ഡൽഹിയിലെ റെയിൽ ഭവൻ ചൗക്കിൽ നടത്തിയ പ്രക്ഷോഭം സംബന്ധിച്ചാണ് കോടതി ഇപ്പോൾ കേസുകൾ ചാർജ് ചെയ്തിരിക്കുന്നത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് ശിശോഡിയ, പാർട്ടിയുടെ പ്രധാന നേതാക്കളായ രാഖി ബിർള, സോംനാഥ് ഭാരതി എന്നിവർക്കെതിരെയാണ് കേസ്. കോടതിയിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സമർ വിശാലാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
അഴിമതിക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് 2014ൽ ഡൽഹിയിലെ റെയിൽ ഭവൻ ചൗക്കിന് മുന്നിൽ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി സമരം നടത്തിയത്. തെക്കൻ ഡൽഹിയിലുള്ള മയക്കുമരുന്ന്, പെൺവാണിഭ മാഫിയയുടെ താവളങ്ങൾ റെയ്ഡ് ചെയ്യാൻ പൊലീസുകാർ വിസ്സമ്മതിച്ചിരുന്നു. ഇതിനെ തുടർന്ന് സോംനാഥ് ഭാരതി നൽകിയ പരാതിയിൽ നടപടി എടുക്കാത്തതിനെ ചൊല്ലിയായിരുന്നു പ്രക്ഷോഭം.
നേതാക്കൾക്കെതിരെ നിയമവിരുദ്ധമായ സംഘം ചേരൽ, സർക്കാർ ഉദ്യോഗസ്ഥന്റെ ജോലിക്ക് തടസം നിൽക്കുക, ഉദ്യോഗസ്ഥനെ കായികമായി ആക്രമിക്കുക എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. പ്രക്ഷോഭം നടത്താൻ പാടില്ലെന്ന് കാണിച്ചുകൊണ്ട് ഡൽഹി പൊലീസ് നൽകിയ മുന്നറിയിപ്പിനേയും ആം ആദ്മി നേതാക്കൾ ലംഘിച്ചിരുന്നു. നിലവിൽ രണ്ട് ആം ആദ്മി നേതാക്കൾക്കെതിരെ കേസ് നിലവിലുണ്ട്. ആം ആദ്മി എം.എൽ.എമാരായ സോം ദത്ത്, മനോജ് കുമാർ എന്നിവർക്കെതിരെയാണ് പൊലീസ് കേസ് ഉള്ളത്.