അയൽവക്കപ്പോര്
ലീഡ്സ്: ലോകകപ്പിൽ ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 3 മുതൽ ലീഡ്സിലെ ഹെഡിംഗ്‌ലിയിലാണ് മത്സരം. ഇന്ത്യ നേരത്തേ തന്നെ സെമി ഉറപ്പിച്ചു കഴിഞ്ഞതിനാലും ശ്രീലങ്കയുടെ പ്രതീക്ഷകൾ അവസാനിച്ചു കഴിഞ്ഞതിനാലും സമ്മർദ്ദമില്ലാതെയാവും രണ്ട് ടീമും കളത്തിലിറങ്ങുക. ഇന്നത്തെ മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിക്കുകയും ആസ്ട്രേലിയ ദക്ഷിണാഫ്രിക്കയോട് തോൽക്കുകയും ചെയ്താൽ ഇന്ത്യയ്ക്ക് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സെമി ഫൈനലിൽ എത്താനാകും. അങ്ങനെ വന്നാൽ ഗ്രൂപ്പിലെ നാലാം സ്ഥാനക്കാരെയായിരിക്കും സെമിയിൽ എതിരാളികളായി ഇന്ത്യയ്ക്ക് കിട്ടുന്നത്.
മദ്ധ്യനിര പ്രശ്നം തീർക്കാൻ ഇന്ത്യ
പത്ത് ദിവസത്തിനിടെ നാലാം മത്സരത്തിനിറങ്ങുന്ന ഇന്ത്യ മദ്ധ്യനിരയിലെ പ്രശ്നങ്ങൾപരിഹരിക്കുകയെന്ന ലക്ഷ്യവുമായാണ് ശ്രീലങ്കയ്ക്കെതിരെ ഇന്നിറങ്ങുന്നത്. അവസാന ഓവറുകളിലെ മെല്ലപ്പോക്കുൾപ്പെടെയുള്ള പ്രശ്നങ്ങളിൽ പരിഹാരം കാണാനാണ് ഇന്ത്യൻ ശ്രമം. നിറം മങ്ങിയ കേദാർ ജാദവിന് പകരം കഴിഞ്ഞ മത്സരത്തിൽ ദിനേഷ് കാർത്തിക്കിന് അവസരം നൽകിയെങ്കിലും നിരാശയായിരുന്നു ഫലം.
ദിനേഷ് കാർത്തിക്കിന് ഒരവസരം കൂടി നൽകുമോ അതോ കേദാർ മടങ്ങിയെത്തിയേക്കുമോയെന്ന കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല. ഇവർക്ക് പകരം രവീന്ദ്ര ജഡേജയ്ക്ക് അവസരം കൊടുക്കുന്ന കാര്യവും ഇന്ത്യൻ മാനേജ്മെന്റിന്റെ പരിഗണനയിലുണ്ട്. അതേസമയം തലവേദനയായ നാലാം നമ്പറിൽ റിഷഭ് പന്ത് പ്രതീക്ഷ നൽകുന്ന പ്രകടനം പുറത്തെടുക്കുന്നതും ഓപ്പണിംഗിൽ കെ.എൽ. രാഹുൽ ഫോമിലേക്കുയർന്നതും ഇന്ത്യൻ മാനേജ്മെന്റിന് നൽകുന്ന ആശ്വാസം ചെറുതല്ല.ഹെഡിംഗ്‌ലിയിലെ സാഹചര്യം പരിഗണിച്ച് കുൽദീപും ചഹാലും ഇന്ന് കളിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പേസർമാരിൽ ആരെങ്കിലും പുറത്തിരിക്കും. സെമി ഫൈനൽ മുൻനിറുത്തി പേസർമാർക്ക് വിശ്രമം അനുവദിക്കാനും സാധ്യതയുണ്ട്.
സാധ്യതാ ടീം: രോഹിത്, രാഹുൽ, കൊഹ്‌ലി, പന്ത്, കാർത്തിക്/കേദാർ/ജഡേജ, ധോണി, ഹാർദ്ദിക്, ഷാമി/ഭുവനേശ്വർ, കുൽദീപ്, ചഹാൽ,ബുംറ
ജയിച്ച് മടങ്ങാൻ ലങ്ക
സെമി പ്രതീക്ഷകൾ അവസാനിച്ചെങ്കിലും അവസാന മത്സരം ജയിച്ച് തലയുയർത്തി മടങ്ങാനാണ് ശ്രീലങ്കയുടെ ശ്രമം. അവരുടെ ഇതിഹാസ താരം ലസിത് മലിംഗയ്ക്ക് ഇത് കരിയറിലെ അവസാന ലോകകപ്പ് മത്സരമാണ്. ടൂർണമെന്റിൽ പ്രായത്തെ വെല്ലുന്ന പ്രകടനം പുറത്തെടുത്ത മലിംഗ ഇന്ന് ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് പ്രശ്നം സൃഷ്ടിക്കുമോയെന്നാണ് എല്ലാവരും ഉറ്രുനോക്കുന്നത്. ലഹിരു തിരിമനെയ്ക്ക പകരം തിസാര പെരേര ഇന്ന് കളിച്ചേക്കും.
സാധ്യതാടീം: കരുണാരത്നെ, കുശാൽ പെരേര, അവിഷ്ക ഫെർണാണ്ടോ, കുശാൽ മെനഡീസ്, മാത്യൂസ്, തിരിമനെ/തിസാര, ധനഞ്ജയ, ഉഡാന, മലിംഗ, രജിത, വാൻഡെർസെ.
പിച്ച് റിപ്പോർട്ട്
ഹെഡിംഗ്‌ലിയിലെ പിച്ച് ഫ്ലാറ്റും സ്പിന്നർമാരെ തുണയ്ക്കുന്നതുമാണ് ചരിത്രം. തെളിഞ്ഞ കാലാവസ്ഥയാണ് ലീഡ്സിലേത്.
ഓർമ്മിക്കാൻ
100 വിക്കറ്റ് ഏകദിനത്തിൽ തികയ്ക്കാൻ ജസ്പ്രീത് ബുംറയ്ക്ക് ഇനി ഒരു വിക്കറ്റ് കൂടി മതി. തന്റെ 57-ാം ഏകദിനത്തിനിറങ്ങുന്ന ബുംറയ്ക്ക് ഇന്ന് 100 വിക്കറ്ര് തികയ്ക്കാനായാൽ ഏകദിനത്തിൽ ഏറ്രവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറാകും അദ്ദേഹം. ഷമിയാണ് ഏറ്രവും വേഗം ഏകദിനത്തിൽ നൂറ് വിക്കറ്റ് തികച്ച ഇന്ത്യൻ താരം.
4 സെഞ്ച്വറികൾ ഈ ലോകകപ്പിൽ രോഹിത് ശർമ്മ നേടിക്കഴിഞ്ഞു. 2015ലെ ലോകകപ്പിൽ കുമാർ സംഗക്കരായും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ഇന്ന് സെഞ്ച്വറി നേടിയാൽ ഒരു ലോകകപ്പിൽ ഏറ്രവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമാകും രോഹിത്.
55 വിക്കറ്റുകൾ 28 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് (2007 മുതൽ) മലിംഗ നേടിക്കഴിഞ്ഞു. ലോകകപ്പിൽ ഏറ്രവും കൂടുതൽ വിക്കറ്ര് നേടിയ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ മലിംഗ.
സെമി ഉറപ്പിച്ചെങ്കിലും ഈ മത്സരത്തെ നിസാരമായി കാണുന്നില്ല. സെമിക്ക് മുൻപ് എല്ലാ മേഖലകളിലും മെച്ചപ്പെടാനുള്ള അവസാന അവസരമാണ് ഇന്ത്യയ്ക്ക് ഈ മത്സരം.
ദിനേഷ് കാർത്തിക്ക്
ഒന്നാംസ്ഥാനം നിലനിറുത്താൻ ആസ്ട്രേലിയ
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ആസ്ട്രേലിയ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6 മണിമുതൽ മാഞ്ചസ്റ്രറിലാണ് മത്‌സരം. ഈ മത്സരത്തിൽ ജയിച്ച് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിറുത്താനാണ് ആസ്ട്രേലിയയുടെ ശ്രമം. മറുവശത്ത് ഈ മത്സരം ജയിച്ച് തോൽവി ഭാരം കുറയ്ക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.
ഗുഡ് ബൈ ഗെയ്ൽ
അഫ്ഗാനിസ്ഥാനെതിരായ മത്സര ശേഷം ആരാധകർക്കൊപ്പം സെൽഫിയെടുക്കുന്ന വിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്ൽ. 39കാരനായ ഗെയ്ലിന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരമായിരുന്നു അഫ്ഗാനിസ്ഥാനെതിരെ നടന്നത്. ലോകകപ്പിന് മുൻപ് മികച്ച ഫോമിലായിരുന്നെങ്കിലും ലോകകപ്പിൽ തന്റെ യഥാർത്ഥ നിലവാരത്തിലേക്ക് ഉയരാൻ ഗെയ്‌ലിനായില്ല.