കൊച്ചി: പെട്രോളിനും ഡീസലിനും എക്‌സൈസ് നികുതി ഒരു രൂപ വീതം കൂട്ടിയ ബഡ്‌ജറ്റ് തീരുമാനം വില കുത്തനെ കൂടാനിടയാക്കും. ഒരു രൂപ അടിസ്ഥാന സൗകര്യ സെസും ഉൾപ്പെടെ മൊത്തം രണ്ടു രൂപയുടെ വർദ്ധനയാണ് ബഡ്‌ജറ്രിൽ പെട്രോളിനും ഡീസലിനുമുള്ളത്. അനുബന്ധമായി വില്‌പന നികുതി (വാറ്റ്) കൂടി വർദ്ധിക്കുമെന്നതിനാൽ ഫലത്തിൽ പെട്രോളിന് 2.5 രൂപയും ഡീസലിന് 2.3 രൂപയും റീട്ടെയിൽ വിലയിൽ കൂടും.
നിലവിൽ, പെട്രോളിന് എക്‌സൈസ് നികുതി ലിറ്ററിന് 17.98 രൂപയും ഡീസലിന് 13.83 രൂപയുമാണ്. ഇതിൽ എട്ട് രൂപ വീതമാണ് ഇപ്പോൾ അടിസ്ഥാന സൗകര്യ സെസ്. ഈ സെസിലാണ് ഒരു രൂപ കൂടുന്നത്. പുറമേ, അടിസ്ഥാന എക്‌സൈസ് നികുതിയിലും ഒരു രൂപ കൂടുന്നു. ഇതുവഴി, പെട്രോളിന്റെ മൊത്തം എക്‌സൈസ് നികുതി 19.98 രൂപയും ഡീസലിന് 15.83 രൂപയുമാകും. ഇതിനു പുറമേ ക്രൂഡോയിലിന് ആദ്യമായി ടണ്ണിന് ഒരു രൂപ വീതം ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതും റീട്ടെയിൽ വിലയിൽ പ്രതിഫലിക്കും.
അധികാരത്തിലിരുന്ന കഴിഞ്ഞ അഞ്ചുവർഷം ഒമ്പത് തവണയാണ് മോദി സർക്കാർ ഇന്ധന എക്‌സൈസ് നികുതി കൂട്ടിയത്. രണ്ടുതവണ കുറയ്‌ക്കുകയും ചെയ്‌തു. അവസാനമായി എക്‌സൈസ് നികുതി കുറച്ചത് 2018 ഒക്‌ടോബറിലാണ്. ലിറ്ററിന് ഒന്നര രൂപയാണ് അന്ന് കുറച്ചത്.
₹28,000 കോടി
പെട്രോളിനും ഡീസലിനും ഒരു രൂപ വീതം എക്‌സൈസ് നികുതി കൂട്ടിയതിലൂടെ കേന്ദ്രസർക്കാരിന് 28,000 കോടി രൂപയുടെ അധിക നികുതി വരുമാനം ലഭിക്കും.