kerala-school

തിരുവനന്തപുരം: പാഠപുസ്തകം വായിക്കാൻ മാത്രമല്ല, കാണാനും കേൾക്കാനും ഉള്ള സൗകര്യം ഏർപ്പെടുത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ക്യൂ. ആർ കോഡ് വഴിയാണ് വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ ശ്രവിക്കാനും, വീഡിയോ വഴിയും മറ്റും കാണാനും സാധിക്കുക. ഫേസ്ബുക്ക് പോസ്റ്റ് വഴി വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥാണ് ഈ വിവരം അറിയിച്ചത്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിൽ ഒരു സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്നാണ് താൻ മനസിലാക്കുന്നതെന്നും മന്ത്രി പറയുന്നു. ഒരു സ്മാർട്ട് ഫോണിന്റെയോ ടാബ്‌ലറ്റിന്റെയോ സഹായത്തോടെ ഈ സൗകര്യം കുട്ടികൾക്ക് ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറയുന്നു. പുസ്തകത്തിലുള്ള കോഡ് സ്കാൻ ചെയ്യുന്നതിലൂടെയാണ് ഇത് സാധ്യമാകുക.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

സ്കൂൾ പാഠപുസ്തകങ്ങൾ വായിക്കുന്നതിനൊപ്പം കാണാനും കേൾക്കാനും സൗകര്യമൊരുക്കുന്ന ക്യു ആർ കോഡ് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി. ഇത് ഇന്ത്യയിൽ മറ്റേതെങ്കിലും സംസ്ഥാനത്തെ പാഠപുസ്തകങ്ങളിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്.

ഒരു സ്മാർട് ഫോണിന്റെയോ ടാബിന്റേയോ സഹായത്തോടെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ദൃശ്യങ്ങളും വിഡിയോയും കാണാം. മൊബൈൽ ഫോണിലോ ടാബിലോ തെളിയുന്ന ദൃശ്യങ്ങൾ സ്മാർട് ക്ലാസ് മുറികളിലെ എൽസിഡി പ്രൊജക്ടറിലൂടെ സ്ക്രീനിൽ പ്രദർശിപ്പിക്കാം. കുട്ടിക്ക് അമൂർത്തമായ ആശയങ്ങൾ മൂർത്ത ഭാവത്തിൽ അവതരിപ്പിക്കാൻ ഇതുമൂലം കഴിയും. വിദ്യാർഥിക്കു ലഭിക്കുന്ന ഇൗ അനുഭവം എന്നും മനസ്സിൽ തങ്ങിനിൽക്കും.