
തിരുവനന്തപുരം: തനിക്കെതിരെയുള്ള യുവതിയുടെ പീഡനപരാതി നിയമപരമായി നേരിടുമെന്ന് കുറ്റാരോപണ വിധേയനായ ബിനോയ് കോടിയേരി. തിരുവനന്തപുരത്ത് വാർത്താ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ്. ഇപ്പോൾ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒരു വിഷയത്തെ കുറിച്ച് കൂടുതൽ സംസാരിക്കാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും ബിനോയ് കോടിയേരി പറഞ്ഞു. തുടർന്ന് മാദ്ധ്യമപ്രവർത്തകർക്ക് നന്ദി പറഞ്ഞ ശേഷമാണ് ബിനോയ് കാറിൽ കയറി പുറപ്പെട്ടുപോയത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ബിനോയ് കോടിയേരി മുംബയിൽ നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയത്. ബിനോയിയെ അറസ്റ്റ് ചെയ്ത ശേഷം മുംബയ് പൊലീസ് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. മുംബയിലെ ദിൻദോഷി കോടതി ഉപാധികളോടെയാണ് ബിനോയിക്ക് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെട്ടാൽ പിതൃത്വം തെളിയിക്കാനായി ഡി.എൻ.എ പരിശോധനയ്ക്ക് പൊലീസിന് മുന്നിൽ ഹാജരാകണമെന്ന് കോടതി ബിനോയിയെ അറിയിച്ചിരുന്നു.
അതേസമയം, പീഡിപ്പിക്കപ്പെട്ട യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ഒരുങ്ങുകയാണ് മുംബയ് പൊലീസ്. ഡാൻസ് ബാർ നിർത്തകി ആയിരുന്ന ബിഹാർ സ്വദേശി യുവതി കോടതിയിൽ സമർപ്പിച്ച രേഖകളെ സംബന്ധിച്ചുള്ള വാദം കേട്ട ശേഷമാണ് കോടതി ബിനോയിക്ക് ജാമ്യം അനുവദിച്ചത്. തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും കോടതി ബിനോയിയോട് പറഞ്ഞിട്ടുണ്ട്.