basheer

ബേപ്പൂർ: മാങ്കോസ്റ്റിൻ മരച്ചോട്ടിന്റെ തണലിൽ നിന്ന് ഏകാന്തതയുടെ തീരത്തേക്ക് ചേക്കറിയ കഥകളുടെ സുൽത്താന്റെ ഓർമ്മയിൽ അവർ വീണ്ടും ഒത്തുകൂടി. ജീവിതത്തെ അക്ഷരങ്ങളിൽ പകർത്തിയ കഥകളുടെ സുൽത്താൻ വിടപറഞ്ഞിട്ട് കാൽ നൂറ്റാണ്ടുപൂർത്തിയായ ജൂലായ് അ‌ഞ്ചിന് ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകളുമായി സാഹിത്യകാരും ബന്ധുക്കളും സുഹൃത്തുക്കളും സ്കൂൾ കുട്ടികളടക്കമുള്ളവർ ബേപ്പൂരിലെ വീട്ടിലെത്തി. ന്നു.

ബഷീറിന്റെ എക്കാലത്തെയും സുഹൃത്തായ എം.ടി.വാസുദേവൻ നായരാണ് ബഷീറിന്റെ വീട്ടിലേക്ക് ആദ്യമെത്തിയത്. പിന്നെ സ്‌കൂൾ കുട്ടികളടക്കമുള്ള ബഷീറിനെ സ്‌നേഹിക്കുന്നവരുടെ നീണ്ട നിര ഒഴുകിയെത്തി. വൈകിട്ട് ബേപ്പൂരിലെ വീട്ടിൽ നടന്ന ഇരുപത്തിയഞ്ചാം അനുസ്മരണം എം.ടി വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. ബഷീറിനൊപ്പം കഴിച്ചുകൂട്ടിയ ദിവസങ്ങളായിരുന്നു തന്റെ ഏറ്റവും നല്ല ദിനങ്ങളെന്ന് എം.ടി അനുസ്മരിച്ചു. ബഷീറിന്റെ കാലത്ത് ജീവിച്ചത് ഭാഗ്യമായാണ് കരുതുന്നത്. പല തലമുറയെ ആകർഷിച്ച എഴുത്തുകാരനാണ് അദ്ദേഹം. മരണത്തിനും കാലത്തിനും അതീതനാണ് ബഷീർ. വരുംതലമുറയുടെ ഉള്ളിലും ഈ എഴുത്തുകാരൻ ഉണ്ടാവുമെന്നും എം.ടി പറഞ്ഞു.

നടനും സംവിധായകനുമായ മധുപാൽ, അബ്ദുൾ സമദ് സമദാനി, പി. വി. ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു. ഇരുപത്തിയഞ്ചാം വാർഷികത്തിൽ ഇരുപത്തിയഞ്ച് നന്മ മരങ്ങള്‍ ബഷീറിന്റെ പറമ്പിൽ നട്ടു. മകൻ അനീസ് ബഷീർ , മകൾ ഷാഹിന ബഷീർ എന്നിവരും ബഷീറിന്റെ മറ്റു കുടുംബാംഗങ്ങളും ചടങ്ങിന് നേതൃത്യം നല്‍കി. വസീം മുഹമ്മദ് ബഷീർ സ്വാഗതവും നസിം മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.