shaheen

ലോഡ്സ്: ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ജയിച്ചെങ്കിലും പാകിസ്ഥാൻ സെമി കണാതെ പുറത്തായി. ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് സെമിയിലേക്ക് ആവശ്യമായ നെറ്റ് റൺ റേറ്റ് നേടാൻ കഴിയാതെ വന്നതോടെയാണ് സെമിയിൽ കടക്കില്ലെന്ന് ഉറപ്പായത്. ഇതോടെ ന്യൂസിലൻഡ് സെമിയിലെത്തിയ നാലാമത്തെ ടീമായി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ ഇമാം ഉൾ ഹഖിന്റെ (100)​ സെഞ്ച്വറിയുടെ പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 315 റൺസ് നേടി. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 44.1 ഓവറിൽ 221 റൺസിന് ആൾഔട്ടാവുകയായിരുന്നു. 6 വിക്കറ്റുമായി കളം നിറഞ്ഞ യുവതാരം ഷഹീൻ അഫ്രീദിയാണ് ബംഗ്ലാദേശ് ബാറ്രിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ഏകദിനത്തിൽ ഷഹീന്റെ ഏറ്രവും മികച്ച ബൗളിംഗ് പ്രകടനമാണിത്.ഷദാബ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

അർദ്ധ സെഞ്ച്വറി നേടിയ ഷാക്കിബ് അൽ ഹസനാണ് (64) ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.

നേരത്തേ ഇമാമും അർദ്ധസെഞ്ച്വറി നേടിയ ബാബർ അസമും (96), ഇമാദ് വാസിമും (43) ചേർന്നാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 100 പന്തിൽ 7 ഫോറുൾപ്പെടെ 100 റൺസ് നേടിയ ഇമാം ഹിറ്ര് വിക്കറ്റായാണ് പുറത്തായത്. ഈ ലോകകപ്പിലെ ആദ്യ ഹിറ്റ് വിക്കറ്രാണിത്. 98 പന്തിൽ 11 ഫോറുൾപ്പെട്ടതാണ് ബാബർ അസമിന്റെ ഇന്നിംഗ്സ്. മുസ്തഫിസുർ റഹ്മാൻ ബംഗ്ലാദേശിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി. സൈഫുദ്ദീൻ മൂന്ന് വിക്കറ്റ് നേടി. ബംഗ്ലാദേശ് നേരത്തേ തന്നെ ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു.