hadiya

മലപ്പുറം: മുസ്ലിം മതത്തിലേക്കുള്ള വിശ്വാസ മാറ്റവും, വീട്ടുതടങ്കലും, കോടതി വാസവുമൊക്കെ ചേർന്ന് ഏതാനും മാസം മുൻപ് വരെ ഹാദിയയുടെ ജീവിതം നരകതുല്യമായിരുന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് ജീവിത വിജയം കൈയെത്തി പിടിച്ചിരിക്കുകയാണ് ഹാദിയ ഷഫിൻ. തന്റെ ഡോക്ടർ പഠനം പൂർത്തിയാക്കിയ ശേഷം സ്വന്തം പേരിൽ ക്ലിനിക് തുറന്നിരിക്കുകയാണ് ഹാദിയ.

മലപ്പുറത്ത് കോട്ടയ്ക്കൽ റോഡിലാണ് ഹാദിയാസ് ഹോമിയോപതി ക്ലിനിക് എന്ന പേരിൽ ഹാദിയ സ്വന്തം സ്ഥാപനം തുടങ്ങിയിരിക്കുന്നത്. വീട്ടുതടങ്കലിൽ നിന്നും ഹാദിയയെ മോചിപ്പിച്ച വിധി പുറപ്പെടുവിച്ച ശേഷം എല്ലാ പ്രശ്നങ്ങളും മാറ്റിവച്ച് പഠിക്കണമെന്നും പഠിച്ച് മിടുക്കി ആകണമെന്നും സ്വന്തം കാലിൽ നിൽക്കണമെന്നും സുപ്രീം കോടതി ഹാദിയയെ ഉപദേശിച്ചിരുന്നു. ആ വാക്ക് അക്ഷരം പ്രതി പാലിച്ചിരിക്കുകയാണ് ഹാദിയ ഇപ്പോൾ. ഹാദിയയുടെ ഭർത്താവായ ഷഫിൻ ജഹാനാണ് ഈ വിവരം പങ്ക് വച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.

2016ൽ ഹാദിയയെ കാണാൻ ഇല്ലെന്ന് കാണിച്ച് ഹാദിയയുടെ (അഖില അശോകൻ) അച്ഛൻ പോലീസിൽ പരാതി നൽകുന്നതോടെയാണ് ഹാദിയാ വിഷയം ജനശ്രദ്ധ ആകർഷിക്കുന്നത്. തുടർന്ന് ഇയാൾ കേരള ഹൈ കോടതിയിൽ ഹേബിയസ് കോർപസും ഫയൽ ചെയ്തിരുന്നു. എന്നാൽ പിന്നീട് തന്നെ ഇസ്ളാം മതം സ്വീകരിക്കാൻ തന്റെ അച്ഛൻ അനുവദിക്കുന്നില്ല എന്ന് കാണിച്ച് ഹാദിയ രംഗത്ത് വന്നു. പീ്ന്നീടാണ് ഹാദിയ പോപ്പുലർ ഫ്രണ്ട് പാർട്ടിക്കാരനും എസ്.ഡി.പി.ഐ അനുകൂലിയുമായ ഷഫിൻ ജഹാനെ വിവാഹം കഴിക്കുന്നത്. തുടർന്ന് ഈ വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിൽ എത്തുകയായിരുന്നു.