
കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ വിടപറഞ്ഞിട്ട് കാൽനൂറ്റാണ്ട് പൂർത്തിയാകുമ്പോൾ ബഷീരിന്റെ ഇതുവരെ സമാഹരിക്കപ്പെടാതെ പോയ രചനകൾ പുസ്തകമാകുന്നു. നാട്ടുഭാഷയുടെ മാധുര്യത്തിലൂടെ വായനക്കാരുടെ മനസ് കീഴടക്കിയ കഥാകാരനെ ലോകം ഇന്നും വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുതിയ സമാഹാരം പ്രസിദ്ധീകൃതമാകുന്നത്. .
ബഷീറിന്റെ ഇതുവരെ സമാഹരിക്കപ്പെടാതെ പോയ രചനകളെ കണ്ടെത്തി വായനക്കാർക്ക് സമ്മാനിക്കുകയാണ് ബഷീർ നിലാവ് എന്ന ഈ കൃതിയിലൂടെ. മുഖ്യധാരാ മാദ്ധ്യമങ്ങളിൽ വിവിധ കാലഘട്ടങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട കുറിപ്പുകളാണ് ഇവ. ലോകത്തുള്ള സർവിഷയങ്ങളെക്കുറിച്ചും തന്റേതായ ചിന്തയുള്ള ബഷീർ അത് നർമ്മമധുരമായാണ് തന്റെ കൃതികളിൽ അവതരിപ്പിക്കുന്നത്. കേശവദേവിനെക്കുറിച്ചും തകഴിയെക്കുറിച്ചും ചെമ്മീൻ സിനിമയെക്കുറിച്ചും അഴിമതിയെക്കുറിച്ചും പുസ്തകനിരോധനത്തെക്കുറിച്ചും ഏകീകൃത സിവിൽ കോഡിനെക്കുറിച്ചും അമേരിക്കൻ മാഫിയയെക്കുറിച്ചുമെല്ലാമുള്ള ചിന്തകൾ ബഷീർ തന്റെ രചനകളിലൂടെ വായനക്കാരുമായി പങ്കുവയ്ക്കുന്നു.