case-diary

അരാരിയ: നാലാം വിവാഹം കഴിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ ആദ്യഭാര്യ പിടികൂടി പൊതിരെ തല്ലി. നാലാം വിവാഹത്തിനായി കോടതിയിൽ എത്തിയപ്പോഴായിരുന്നു മർദ്ദനമേറ്റത്.

ബിഹാറിലെ അരാരിയ ജില്ലയിലെ കോടതി പരിസരത്താണ് സംഭവം നടന്നത്. ബെട്ടിയാ ജില്ലക്കാരനായ മുംതാസ് എന്നയാൾക്കാണ് മർദ്ദനമേറ്റത്. അരാരിയ ജില്ലയിലെ കുർസകണ്ട എന്ന സ്ഥലത്ത് നിന്നുള്ള യുവതിയെ വിവാഹം കഴിക്കാനായിരുന്നു ശ്രമം. ഇതിനിടെയാണ് ഇദ്ദേഹത്തിന്റെ ഒന്നാം ഭാര്യ സ്ഥലത്തെത്തിയത്. കോടതി പരിസരത്തുണ്ടായിരുന്ന ബന്ധുക്കളാണ് ഒന്നാം ഭാര്യയെ വിവരമറിയിച്ചത്. കോടതി പരിസരത്തേക്ക് പാഞ്ഞെത്തിയ സ്ത്രീ പിന്നീട് മുംതാസിനെ പൊതിരെ തല്ലുകയായിരുന്നു. മുംതാസിനെ രക്ഷിക്കാനായി പൊലീസ് ഇടപെട്ടെങ്കിലും ഇവിടെയുണ്ടായിരുന്നവർ ചേർന്ന് മുംതാസിനെ മർദ്ദിക്കുകയായിരുന്നു

ആദ്യ ഭാര്യയുടെ പരാതിയെ തുടർന്ന് മുംതാസിനെയും നാലാം വധുവിനെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒന്നാം ഭാര്യ ആരോപിക്കുന്ന കാര്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ നടപടികളുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. മുംതാസും, വിവാഹം കഴിക്കാനിരുന്ന യുവതിയും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. യുവതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരുടെ വീട്ടുകാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി