ഒരു കാലത്ത് വിവാദം ഉയർത്തിയ വസ്ത്രമായ ബിക്കിനി എന്ന വസ്ത്രം ഇന്ന് 73-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1946 ജൂലായ് അഞ്ചിനാണ് ലൂയിസ് റിയാർഡ് എന്ന ഡിസൈനർ ബിക്കിനിയെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. ആ ദിനമാണ് ബിക്കിനി ദിനമായി കരുതിപ്പോരുന്നത്. ബിക്കിനി ഇന്നു സ്ത്രീകൾക്കിടയിൽ സർവ സാധാരണമായി മാറിക്കഴിഞ്ഞു. ഇന്നു പല ഡിസൈനിലും കളറുകളിലുമുളള ബിക്കിനികൾ ലഭ്യമാണ്. ഓരോ വർഷം കഴിയുന്തോറും ഡിസൈനർമാർ പല വിധ പരീക്ഷണങ്ങളിലൂടെ സ്ത്രീകൾക്കിടയിൽ ബിക്കിനി കൂടുതൽ ജനപ്രിയമാക്കാനുളള ശ്രമത്തിലാണ്.
പ്രശസ്ത ചലച്ചിത്രമേള വേദിയായ, കാൻസിൽ ബീച്ച് ഷോപ്പ് നടത്തിയിരുന്ന ഡിസൈനർ ജാക്വസ് ഹെയ്ം 1946 ൽ രണ്ട് കഷ്ണങ്ങളുള്ള ഒരു വസ്ത്രം നിർമ്മിച്ചു. ‘ആറ്റം’ എന്നായിരുന്നു അദ്ദേഹം നൽകിയ പേര്. എന്നാൽ ഏകദേശം അതേ സമയത്തു തന്നെയാണ് ലൂയിസ് റിയാർഡ് ഇന്നു കാണുന്ന തരത്തിലുളള സ്വിം സ്യൂട്ട് ഡിസൈൻ ചെയ്തത്. അദ്ദേഹം ഇതിനെ ‘ബിക്കിനി’ എന്നു വിളിച്ചു. അമേരിക്ക ആണവ പരീക്ഷണം നടത്തിയ പസഫിക് സമുദ്രത്തിലെ ബിക്കിനി അറ്റോൾ എന്ന പേരില്‍ നിന്നായിരുന്നു ലൂയിസ് റിയാർഡ് വസ്ത്രത്തിന് ബിക്കിനിയെന്ന പേര് നൽകിയത്.
ലോക മഹായുദ്ധത്തിനുശേഷമാണ് യൂറോപ്പിൽ ബിക്കിന് പ്രചാരമേറിയത്. അതേസമയം, 1960 വരെ അമേരിക്ക ബിക്കിനിയെ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.
1951 ലെ വേനൽക്കാലത്ത് ഫെസ്റ്റിവൽ ഓഫ് ബ്രിട്ടന്റെ ഭാഗമായി നടന്ന ഒരു നീന്തൽ സ്യൂട്ട് മത്സരമായിരുന്നു ആദ്യത്തെ മിസ് വേൾഡ് മത്സരം. ഇതിനെ ബിക്കിനി മത്സരം എന്നും വിളിച്ചിരുന്നു. മത്സരത്തിൽ വിജയിച്ച സ്വീഡൻകാരിയായ കികി ഹക്കൻസൺ ആയിരുന്നു ബിക്കിനി ധരിച്ച് കിരീടം ചൂടിയ ഒരേയൊരു മിസ് വേൾഡ്. 2014 ൽ മിസ് വേൾഡ് മത്സരത്തിൽനിന്ന് നീന്തൽ സ്യൂട്ട് സെഗ്‌മെൻറ് ഉപേക്ഷിച്ചു.
ബിക്കിനി മോഡലായ ആദ്യ വനിത മിഷേലിൻ ബെർണാർഡിനി എന്ന നഗ്ന നർത്തകിയായിരുന്നു. 1940 കളുടെ അവസാനത്തിലാണ് ലോകം മുഴുവൻ ബിക്കിനിക്ക് പ്രചാരമേറിയത്. 1957 വരെ സെലിബ്രിറ്റികളും മുഖ്യധാരാ മാധ്യമങ്ങളും ഈ പുതിയ വസ്ത്രത്തെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. അതേ വർഷമാണ് ഫ്രഞ്ച് നടിയായ ബ്രിഗിറ്റേ ബാർഡോട് ബിക്കിനി ധരിച്ച് കാൻ ഫിലിം ഫെസ്റ്റിവലിലെത്തിയത്. ഇതിനുപിന്നാലെ സെലിബ്രിറ്റികളായ മർലിൻ മൺറോയും എസ്തർ വില്യംസും ഈ വസ്ത്രത്തെ സ്വീകരിച്ചു. 1967 ൽ പുറത്തിറങ്ങിയ ആൻ ഈവനിംഗ് ഇൻ പാരിസ് എന്ന ചിത്രത്തിൽ നടി ശർമിള ടാഗോർ ബിക്കിനി ധരിച്ചു. ഫിലിംഫെയറിന്റെ കവറിനായി ബിക്കിനി ധരിച്ച ആദ്യത്തെ ഇന്ത്യൻ നടിയായി അവർ മാറി.
ലോകത്തെ ഏറ്റവും വില കൂടിയ ബിക്കിനി ഡയമണ്ട് കൊണ്ടാണ് നിർമിച്ചിട്ടുളളത്. 150 കാരറ്റ് വജ്രങ്ങൾ കൊണ്ട് ഡിസൈനർ സൂസൻ റോസൻ നിർമിച്ച വസ്ത്രത്തിന്റെ വില 30 മില്യൻ ഡോളറാണ്. 1990 കളിൽ രാജ്യാന്തര വോളിബോൾ ഫെഡറേഷൻ വനിതകളുടെ ബീച്ച് വോളിബോൾ മത്സരങ്ങൾക്കുളള യൂണിഫോമായി ബിക്കിനിയെ പ്രഖ്യാപിച്ചു.