periods

ആർത്തവസമയത്ത് ലൈംഗിക ബന്ധം ഒഴിവാക്കണം എന്നാണ് പൊതുവെ പറയാറ്. ഈ സമയത്ത് രോഗങ്ങൾ വരാനും അത് പകരാനും ഉള്ള സാധ്യത കൂടുതലാണെന്ന് പൊതുവെ പറയപ്പെടുന്നുണ്ടെങ്കിലും വൃത്തികുറവാണ് ഈ സമയത്ത് ലൈംഗിക ബന്ധത്തിൽ നിന്നും വിട്ടു നിൽക്കാൻ കൂടുതൽ പേരും കാരണമായി പറയുന്നത്. എന്നാൽ ഈ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ട് യാതൊരു കുഴപ്പവും സംഭവിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മാത്രവുമല്ല, ഇങ്ങനെ ചെയ്യുന്നതിന് ഒട്ടേറെ ഗുണങ്ങളും ഉണ്ടത്രേ.

ആർത്തവവേദന കുറയ്ക്കാം

ആർത്തവദിനങ്ങളിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കഠിനമായ വയറുവേദന തന്നെയാണ്. പലർക്കും പല രീതിയിലും പല തോതിലുമായിരിക്കും വേദന അനുഭവപ്പെടുക. ചിലർക്ക് വേദന കൊണ്ട് വീടിന് പുറത്തിറങ്ങാൻ പോലും തോന്നില്ല. എന്നാൽ മറ്റു ചിലർക്കാണെങ്കിൽ അധികം വേദന അനുഭവിക്കാതെ തന്നെ ആർത്തവ ദിനങ്ങൾ കഴിഞ്ഞുകിട്ടും. ഗർഭപാത്രത്തിലെ പുറംപാളിയിലുള്ള കോൺട്രാക്‌ഷൻസ് ആണ് ആർത്തവ വേദന സൃഷ്ടിക്കുന്നത്. ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന രതിമൂർച്ഛ കോൺട്രാക്‌ഷൻസിനെ കുറയ്ക്കുകയും വേദനയ്ക്ക് ശമനം നൽകുകയും ചെയ്യും.

ആർത്തവ ദിനങ്ങൾ ചുരുക്കാം

ദിനങ്ങൾ നീണ്ടുനിൽക്കുന്ന ആർത്തവകാലം സ്ത്രീകൾക്ക് ചില്ലറ തലവേദന ഒന്നുമല്ല നൽകുന്നത്. ജോലിക്ക് പോകാനോ ആൾക്കാരുമായി ഇടപെടാനോ ഈ സമയങ്ങളിൽ സ്ത്രീകൾ മടിക്കും. ശാരീരികമായി സ്ത്രീകൾ ഈ സമയത്ത് ഏറെ തളർന്ന അവസ്ഥയിലായിരിക്കും. എന്നാൽ ഈ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ആർത്തവ ദിനങ്ങൾ കുറവായിരിക്കും. രതിമൂർച്ഛ കാരണം ഗർഭാശയ ഭിത്തി ചുരുങ്ങുമ്പോൾ ആർത്തവ ദ്രവ്യങ്ങൾ പെട്ടെന്ന് വെളിയിൽ പോകും. ഇത് കാരണം ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ആർത്തവം അവസാനിപ്പിക്കാൻ സാധിക്കുന്നു.

മാനസിക സമ്മർദ്ദത്തിൽ നിന്നും രക്ഷ നേടാം

ആർത്തവം കൊണ്ടുണ്ടാകുന്ന വിഷമങ്ങളുടെ കൂട്ടത്തിൽ ഉള്ളതാണ് ഇത് മൂലമുണ്ടാകുന്ന മാനസിക സമ്മർദ്ദം. എല്ലാവരോടും ദേഷ്യവും കാരണമില്ലാത്ത സങ്കടവും ഈ സമയത്ത് സ്ത്രീകൾക്ക് ഉണ്ടാകും. ഹോർമോണുകൾ സ്ത്രീ ശരീരത്തിൽ നടത്തുന്ന കളികളാണ് ഇതിന് കാരണം. ഇഷ്ടപുരുഷനുമായി രതിയിൽ ഏർപ്പെടുന്ന സ്ത്രീയ്ക്ക് ഈ മാനസിക സമ്മർദ്ദത്തിന് അയവ് വരുത്താൻ സാധിക്കും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീ ശരീരത്തിലെ 'സന്തോഷ' ഹോർമോണായ എൻഡോർഫിൻ തലച്ചോറ് പുറത്തുവിടും. ഇത് കാരണമാണ് സ്ത്രീയ്ക്ക് സ്വസ്ഥത ലഭിക്കുന്നത്.

ലൈംഗിക താൽപ്പര്യം വർദ്ധിക്കും

അർത്തവ സമയത്താണ് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ലൈംഗിക താൽപ്പര്യം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ സ്ത്രീ പുരുഷനെ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഈ സമയത്തായിരിക്കും. ഇതുകാരണം സ്ത്രീയ്ക്ക് ലൈംഗിക സംതൃപ്തി നൽകാൻ പുരുഷന് കഴിയുക ഈ വേളയിലാണ്. ഹോർമോണുകൾ തന്നെയാണ് ഇവിടെയും സ്ത്രീകളെ പിടികൂടുന്നത്. അണ്ഡോൽപ്പാദന സമയത്തും, ചില സ്ത്രീകൾക്ക്, ആർത്തവം ഉണ്ടാകുന്ന സമയത്തുമാണ് ഏറ്റവും കൂടുതൽ ലൈംഗിക വികാരം ഉണ്ടാകുക. അണ്ഡോൽപ്പാദനം സംഭവിക്കുന്നത് ആർത്തവത്തിന് ഏതാനും ആഴ്ചകൾക്ക് മുൻപാണ്.

മൈഗ്രേയിനിന് പരിഹാരം

പകുതിയിൽ അധികം സ്ത്രീകൾക്ക് ആർത്തവ സമയത്ത് മറ്റ് ശാരീരിക അസ്വസ്ഥതകൾക്കൊപ്പം കടുത്ത തലവേദനയും അനുഭവപ്പെടുന്നുണ്ടെന്നാണ് കണക്ക്. മിക്ക സ്ത്രീകളും ഈ സമയത്ത് ലൈംഗിക ബന്ധത്തിൽ നിന്നും വിട്ടു നിൽക്കാനാണ് ശ്രമിക്കുക. എന്നാൽ ഈ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ പറയുന്നത് മറ്റൊന്നാണ്. മൈഗ്രേൻ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ഭൂരിഭാഗവും ലൈംഗിക ബന്ധത്തിലൂടെ ശമിച്ചുവെന്നാണ് ഇവർ പറയുന്നത്.