തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്രിൽ പ്രഖ്യാപിച്ച ആനൂകൂല്യങ്ങൾ കൂടി മുതലാക്കി സംസ്ഥാനത്തെ ആദ്യത്തെ ഇ-വെഹിക്കിൾ നഗരമാകാൻ തിരുവനന്തപുരം ഒരുങ്ങുന്നു. ഇതിനായി ഗതാഗതവകുപ്പ് പദ്ധതി തയ്യാറാക്കും. അടുത്തവർഷത്തോടെ കാർ ഉപയോഗിക്കുന്നവരിൽ 15 ശതമാനവും സ്കൂട്ടർ ഉപയോഗിക്കുന്നവരിൽ 25 ശതമാനവും ആട്ടോറിക്ഷകളിൽ 40 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാക്കുകയാണ് ലക്ഷ്യം. ഒപ്പം നഗര സർവീസുകൾക്കായി കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ ഇ-ബസുകളും നിരത്തിലിറക്കും. നിലവിൽ മൂന്നു ഇ-ബസുകളാണ് ഇവിടെയുള്ളത്.
കൊച്ചിയിൽ നടന്ന ഇ-വെഹിക്കിൾ എക്സ്പോയിൽ 50,000 രൂപ വില വരുന്ന സ്കൂട്ടറുകൾ പ്രദർശിപ്പിച്ചിരുന്നു. വീട്ടിലെ ത്രീപിൻ പ്ലഗിൽ ചാർജ് ചെയ്യാവുന്നതാണ് ഈ സ്കൂട്ടർ. ഒറ്റ ചാർജിൽ നൂറു കിലോമീറ്റർ ഓടാൻ കഴിയും. കിലോമീറ്റർ ഒന്നിന് 50 പൈസയുടെ ചെലവു മാത്രമെ വരികയുള്ളൂ. കൈനറ്റിക്, വെസ്പ, ഹീറോ, ആദർ, ഒഖിനാവ പ്രൈസ് എന്നീ കമ്പനികൾ ഇപ്പോൾ വൻതോതിൽ വാഹനങ്ങൾ വിപണിയിലിറക്കുന്നത് വാഹനപ്രിയരായ മലയാളികളെ കൂടി ലക്ഷ്യമിട്ടാണ്.
അടുത്ത വർഷം ആദ്യം തന്നെ 15,000 ഇ-ആട്ടോകൾ നിരത്തിലിറക്കാൻ കഴിയുമെന്നാണ് ഗതാഗതവകുപ്പിന്റെ കണക്കുകൂട്ടൽ. സംസ്ഥാന പൊതുമേഖലാസ്ഥാപനമായ കേരള ആട്ടോ മൊബൈൽസ് ലിമിറ്റഡിന് (കെ.എ.എൽ) ആണ് ഇ-ആട്ടോകൾ പ്രധാനമായും എത്തിക്കുക.
കേരള നീം ജി' എന്നാണ് ഇ-റിക്ഷയുടെ പേര്. ഡ്രൈവർക്കും മൂന്നു യാത്രക്കാർക്കും സഞ്ചരിക്കാം. ഏകദേശം രണ്ടരലക്ഷം രൂപ വിലവരും. ജർമ്മൻ സാങ്കേതികവിദ്യയിൽ തദ്ദേശീയമായി നിർമ്മിച്ച ബാറ്ററിയും രണ്ട് കെ.വി. മോട്ടോറുമാണ് ആട്ടോയിലുള്ളത്. മൂന്നു മണിക്കൂർ 55 മിനിട്ട് കൊണ്ട് ബാറ്ററി പൂർണമായും ചാർജ് ചെയ്യാം. ഒരു തവണ ചാർജ് ചെയ്താൽ 100 കിലോ മീറ്റർ സഞ്ചരിക്കാം.
ഒരു കിലോമീറ്റർ പിന്നിടാൻ 50 പൈസ മാത്രമാണ് ചെലവ്. സാധാരണ ത്രീ പിൻ പ്ലഗ് ഉപയോഗിച്ച് ബാറ്ററി റീച്ചാർജ് ചെയ്യാം. സങ്കീർണമായ യന്ത്രഭാഗങ്ങൾ ഇല്ലാത്തതിനാൽ അറ്റകുറ്റപ്പണിയും കുറവായിരിക്കും. കെ.എസ്.ഇ.ബിയുമായി സഹകരിച്ച് ആട്ടോ സ്റ്റാൻഡുകളിൽ ചാർജിംഗ് പോയിന്റുകൾ സജ്ജമാക്കാനും ഗതാഗത വകുപ്പിന് പദ്ധതിയുണ്ട്. ഭാവിയിൽ തലസ്ഥാന നഗരത്തിലെ മുഴുവൻ ആട്ടോറിക്ഷകളും വൈദ്യുതിയിൽ ഓടുന്നവയാക്കി മാറ്റുകയാണ് ലക്ഷ്യം.
ഏഴുലക്ഷം രൂപ മുതൽ 22 ലക്ഷം രൂപവരെയുള്ള ഇ-കാറുകൾ ഉടനേ തലസ്ഥാനത്തെ ഷോറൂമുകളിലെത്തും.മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ വാഗണർ ഇ.വി കൂടി അടുത്ത വർഷമെത്തുമ്പോൾ വൈദ്യുത വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമാകുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ഇതിന്റെ വില ഏഴു ലക്ഷം രൂപ. ഒറ്റത്തവണ ചാർജ് ചെയ്താൽ 200 കിലോമീറ്റർ വരെ ഓടാനാകും എന്നാണ് പ്രതീക്ഷ.
നിലവിൽ വില്പനയ്ക്കുള്ള 'വാഗണാറി'ൽ നിന്നു വേറിട്ട രൂപകല്പനയോടെയാവും വാഗണർ ഇ വിയുടെ വരവെന്നാണു കരുതുന്നത്. കൂടുതൽ സ്ഥലസൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ടാറ്റായുടെ ആർട്രോസ് ഇ.വി. ഒറ്റചാർജിൽ 250 മുതൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കാൻ പറ്റുന്ന തരത്തിലായിരിക്കും കാറിന്റെ ഡിസൈൻ. കൂടാതെ ഒരു മണിക്കൂർ കൊണ്ട് 80 ശതമാനം വരെ ചാർജ് ചെയ്യാവുന്ന ടെക്നോളജിയും പുതിയ കാറിലുണ്ടാകുമെന്നാണ് ടാറ്റ പറയുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ ഇലക്ട്രിക് കാർ പുറത്തിറക്കി വിപണി പിടിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
ഹ്യുണ്ടായ് കോനയും ഉടൻ വിപണിയിലെത്തും. ചെന്നൈയിലെ പ്ലാന്റിൽ അസംബ്ൾ ചെയ്താവും കോന വില്പനയ്ക്കെത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.കോന'യുടെ 39.2 കിലോവാട്ട് പതിപ്പാവും വിപണിയിലെത്തുക. ഒറ്റ ചാർജിൽ 312 കിലോമീറ്റർ ഓടാൻ കഴിയും. പിന്നീട് കാറിന്റെ 64 കിലോവാട്ട് പതിപ്പും ഇന്ത്യയിലെത്തിക്കും. കാറിനൊപ്പം വീട്ടിൽ ബാറ്ററി ചാർജ് ചെയ്യാനുള്ള എ.സി ചാർജറും ഹ്യുണ്ടേയ് ലഭ്യമാക്കും.
കേന്ദ്ര സബ്സിഡി ഇങ്ങനെ
ഇരുചക്ര വാഹനങ്ങൾ
സബ്സിഡി ആനുകൂല്യം ലഭിക്കുക 10 ലക്ഷം വാഹനങ്ങൾക്ക്
ബാറ്ററി വലിപ്പം – 2 കിലോവാട്ട്
സബ്സിഡി – 20,000 രൂപ
വാഹനത്തിന്റെ പരമാവധി വില – 1.5 ലക്ഷം
ഇ–റിക്ഷകൾ (മുച്ചക്ര വാഹനങ്ങൾ)
സബ്സിഡി ആനുകൂല്യം ലഭിക്കുക 5 ലക്ഷം വാഹനങ്ങൾക്ക്
ബാറ്ററി വലിപ്പം – 5 കിലോവാട്ട്
സബ്സിഡി – 50,000 രൂപ
വാഹനത്തിന്റെ പരമാവധി വില – 5 ലക്ഷം
ഫോർ വീൽ വാഹനങ്ങൾ
സബ്സിഡി ആനുകൂല്യം ലഭിക്കുക 35,000 വാഹനങ്ങൾക്ക്
ബാറ്ററി വലിപ്പം – 15 കിലോവാട്ട്
സബ്സിഡി – 1.5 ലക്ഷം രൂപ
വാഹനത്തിന്റെ പരമാവധി വില – 15 ലക്ഷം
ഫോർ വീൽ ഹൈബ്രിഡ് വാഹനങ്ങൾ
സബ്സിഡി ആനുകൂല്യം ലഭിക്കുക 20,000 വാഹനങ്ങൾക്ക്
ബാറ്ററി വലിപ്പം – 1.3 കിലോവാട്ട്
സബ്സിഡി – 13,000 രൂപ
വാഹനത്തിന്റെ പരമാവധി വില – 15 ലക്ഷം