തിരുവനന്തപുരം : സാമൂഹ്യനീതിവകുപ്പിന് കീഴിലെ പൂജപ്പുര വികലാംഗവനിത സദനത്തിലെ അന്തേവാസികൾക്ക് ശാരീരികവും മാനസികവുമായ പീഡനം അനുഭവിക്കേണ്ടിവന്ന സംഭവത്തിൽ ഡി.ജി.പി ലോക്നാഥ് ബെ ഹ്റ റിപ്പോർട്ട് തേടി. വനിത സെൽ എസ്.പി ചൈത്ര തെരേസാജോണിനോട് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. വനിതാ സദനത്തിൽ അടുത്തിടെ നടന്ന സംഭവങ്ങൾ കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഡി.ജി.പിയുടെ ഇടപെടൽ. വനിതാ സെൽ അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്തേവാസികളുൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കലും തുടങ്ങി. സംഭവത്തെ ശക്തമായി എതിർത്ത് രംഗത്തെത്തിയ വനിതാ സദനത്തിലെ ലീഗൽ അഡ്വൈസർ അനിത, മുൻ വാർഡ് കൗൺസിലർ മഹേശ്വരൻനായർ, പൊതുപ്രവർത്തകരായ എം.ആർ. മനോജ്, മുടവൻമുകൾ സതീഷ് എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. സാമൂഹ്യനീതി ജില്ലാ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന വനിതസദനത്തിൽ അരങ്ങേറിയ കൊടുംക്രൂരത പുറം ലോകം അറിഞ്ഞിട്ടും നടപടിയെടുത്തിരുന്നില്ല.
തുടർന്ന് അഗതിമന്ദിരത്തിൽ കോടതി നിയോഗിച്ചിട്ടുള്ള ലീഗൽ അഡ്വൈസർ വിഷയത്തിൽ ഇടപെടുകയും അതോറിട്ടിക്ക് റിപ്പോർട്ട് നൽകുയും ചെയ്തു.കഴിഞ്ഞമാസം 14നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വവർഗലൈംഗിക പീഡനത്തിന് ശ്രമിച്ച ജീവനക്കാരിയെ യുവതി പിടിച്ചുമാറ്രിയതാണ് പ്രശ്നത്തിന് കാരണം. ഇനി തന്നെ ഉപദ്രവിച്ചാൽ ബന്ധുക്കളോട് പറയുമെന്ന് യുവതി പറഞ്ഞു. ഇതിൽ പ്രകോപിതയായ ജീവനക്കാരി വടികൊണ്ട് യുവതിയെ മർദ്ദിച്ച് അവശയാക്കിയശേഷം ഊളമ്പാറയിലേക്ക് മാറ്റിയെന്നാണ് പരാതി.
യുവതി പരസ്പരബന്ധമില്ലാതെ സംസാരിക്കുന്നതായി ആശുപത്രി അധികൃതരോട് പറയുകയും അഡ്മിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഡോക്ടർമാർ യുവതിയെ അഡ്മിറ്റ് ചെയ്യാൻ വിസമ്മതിച്ചെങ്കിലും അഗതിമന്ദിരത്തിലെ സൂപ്രണ്ടിന്റെ ഉൾപ്പെടെയുള്ളവരുടെ സമ്മർദ്ദത്തെ തുടർന്ന് അഡ്മിറ്ര് ചെയ്തു. ഇക്കാര്യം അറിഞ്ഞ സഹോദരൻ ആശുപത്രിയിലെത്തി ഡോക്ടർമാരുമായി സംസാരിക്കുകയും യുവതിയെ അഗതിമന്ദിരത്തിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തു. അഗതിമന്ദിരത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന സാമൂഹ്യ നീതിവകുപ്പ് ജില്ലാ ഓഫീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് പരാതിക്കാരൻ ആരോപിച്ചിരുന്നു.
ലീഗൽ അഡ്വൈസർ മാറി, മൊഴിമാറ്റാൻ സമ്മർദ്ദം
വനിതാ സദനത്തിലെ അന്തേവാസികൾക്ക് വേണ്ടി ശബ്ദമുയർത്തിയ ലീഗൽ അഡ്വൈസർ അനിതയെ തത്്സ്ഥാനത്ത് നിന്നും മാറ്റി. മൂന്നു മാസത്തേക്ക് വീതം ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയാണ് അഡ്വൈസർമാരെ നിയമിക്കുന്നത്. 2016മുതൽ അനിതയ്ക്കായിരുന്നു ചുമതല. ഇതിന് പിന്നാലെ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്തേവാസികളുടെ മൊഴിമാറ്റാൻ ശ്രമം നടക്കുന്നതായാണ് ആക്ഷേപം. സംഭവം പുറത്തുവന്ന ഘട്ടത്തിൽ ലീഗൽ അഡ്വൈസർ അന്തേവാസികളുടെ മൊഴിയെടുത്തിരുന്നു. ഇതേ മൊഴിയിൽ അവർ ഉറച്ചു നിന്നാൽ സൂപ്രണ്ടിന് ഉൾപ്പെടെ കുരുക്ക് മുറുകും. പൊലീസ് അന്വേഷണം ആരംഭിച്ച ഘട്ടത്തിൽ അതിനെ പ്രതിരോധിക്കാനാണ് അന്തേവാസികളെക്കൊണ്ട് മൊഴിമാറ്റിക്കുന്നതെന്നാണ് ആക്ഷേപം.