തിരുവനന്തപുരം: ഒരു നാടു മുഴുവൻ ഏറ്രെടുത്ത് ശീതളിന്റെ വിവാഹം നടത്തുകയാണ്. അതും സംസ്ഥാനത്തെ ഏറ്റവും മികച്ച കൺവെൻഷൻ സെന്ററായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ. ജീവിതത്തിൽ ഇങ്ങനെ ഒരു മനോഹരമായ വഴിത്തിരിവ് തികഞ്ഞ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന ശീതൾ സ്വപ്നം കണ്ടതല്ല. അച്ഛനെ കുട്ടിക്കാലത്തേ നഷ്ടപ്പെട്ടു. അമ്മ രോഗിയും. ശ്രീചിത്ര പുവർ ഹോമിൽ അന്തേവാസിയായി ജീവിതം. സ്വന്തം കാലിൽ നിൽക്കാനൊരു തൊഴിൽ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പുതിയൊരു ജീവിതം തന്നെ കൈകളിലേക്ക് എത്തിയത്. നാളെ ഷൈനിനെ വരണമാല്യം ചാർത്തുന്നതോടെ പുതുജീവിതത്തിലേക്ക് അവൾ പദമൂന്നുകയായി.
92.7 ബിഗ് എഫ്.എമ്മിന്റെ പ്രോഗ്രാം ഹെഡ് കിടിലം ഫിറോസും ആർ.ജെ സുമിയും റേഡിയോ പരിപാടിയുമായി ബന്ധപ്പെട്ട് ശ്രീചിത്ര പുവർ ഹോമിൽ പോയതാണ് ശീതളിന്റെ തലവര മാറുന്നതിന് നിമിത്തമായത്. ബിഗ് എഫ്.എം തങ്ങളുടെ പെങ്ങളൂട്ടിയായി ഏറ്റെടുത്ത താരയുടെ വിവാഹം നടന്നത് കഴിഞ്ഞ മേടത്തിലായിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട ആ വിവാഹം മറക്കാത്ത പുവർ ഹോം സൂപ്രണ്ട് ഉഷയാണ് ശീതളിന്റെ കാര്യം ഫിറോസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. മേനംകുളം കരിഞ്ഞവയൽ വീട്ടിൽ പരേതനായ പി. മണിയുടെയും ശ്രീകുമാരിയുടെയും മകളാണ് ശീതൾ. കാര്യങ്ങൾ മനസിലാക്കി വീണ്ടുമൊരു വിവാഹം നടത്തിപ്പിന് ഫിറോസ് രംഗത്തിറങ്ങി. വരനായി കൊല്ലം പരവൂർ മണ്ണാറഴികത്തിൽ ദിവാകരൻ - സുധാകരൻ ദമ്പതികളുടെ മകൻ ഷൈനിനെ കണ്ടെത്തിയതോടെ 'മിഥുനത്തിൽ താലികെട്ട്' എന്ന പേരിൽ റേഡിയോ പ്രചാരണം നടത്തി. ശ്രോതാക്കളിൽ നിന്നും സഹായമെത്തി. നാട്ടുകാരും അവിടത്തെ സംഘടനകളും ബിഗ് എഫ്.എമ്മിനൊപ്പം ചേർന്നു. ഒപ്പം 'കേരളകൗമുദി'യും.
അഞ്ച് പവന്റെ ആഭരണങ്ങൾ ധരിപ്പിച്ച് വിവാഹം നടത്താനായിരുന്നു ആലോചന. ആറ്റിങ്ങലിലെ സ്വയംവര സിൽക്സ് വിവാഹ വസ്ത്രങ്ങൾക്കൊപ്പം കുറച്ചു സ്വർണം കൂടി നൽകാൻ തയ്യാറായി. പെരെപ്പാടൻ ജുവലറി, ചക്രപാണിപുരം സ്വാതികലാക്ഷേത്രം, ദുബായിൽ നിന്നു വിജയ്ബാബു, നെടുമങ്ങാട് കുമാർ ടെക്സ്റ്റൈൽസ്, തോന്നയ്ക്കൽ സായിഗ്രാമം എന്നിവരെല്ലാം കൂടി സഹായിച്ചപ്പോൾ ലഭിച്ചത് 13 പവന്റെ ആഭരണങ്ങൾ. വിസ്മയാ ഈവന്റ്സും ഹാപ്പി വെഡ്ഡിംഗും ചേർന്ന് പന്തൽ ഏറ്റു. ഗ്രീൻ ഫീൽഡ് സ്റ്റേഡിയം അധികൃതർ ആഡിറ്റോറിയം സൗജന്യമായി അനുവദിച്ചു. ഫോട്ടോ വീഡിയോ 'ലൗ ഹാർട്സി'ന്റെ വക.
അക്ഷയ കാറ്ററിംഗ് 1200 പേർക്കുള്ള സദ്യയൊരുക്കും. ഉണ്ണിഗണപതി ട്രാവൽസും തിരുവാതിര ട്രാവൽസും ആവശ്യത്തിന് വാഹനസൗകര്യം ഏർപ്പാടാക്കി. വിവാഹത്തോടനുബന്ധിച്ചുള്ള മറ്റ് എല്ലാ വസ്ത്രങ്ങളും ശ്രോതാക്കൾ എത്തിച്ചു. വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ അഞ്ച് അനാഥമന്ദിരങ്ങളിലെ അന്തേവാസികളുണ്ടാകും. കോവളത്തെ ഉദയസമുദ്ര ഹോട്ടലിലായിരുുന്നു നിശ്ചയ ചടങ്ങുകൾ നടന്നത്. അവിടത്തെ വേദിയും സൗജന്യം. പങ്കെടുക്കാനെത്തിയത് സുരേഷ് ഗോപി എം.പി ഉൾപ്പെടെയുള്ള പ്രമുഖർ. വേണ്ട സഹായം ഒരുക്കാൻ സമദ് ആശുപത്രി ഉൾപ്പെടെ രംഗത്തുണ്ട്.സമ്മാനം വൃക്ഷത്തൈ ഞായറാഴ്ച വിവാഹവേദിക്കടത്തു തന്നെ രക്തദാന ക്യാമ്പുണ്ടാകും. ചടങ്ങിനെത്തുന്നവർക്കെല്ലാം ഓരോ വൃക്ഷത്തൈ നൽകും. ഒപ്പം പച്ചക്കറിവിത്തുകളും പേപ്പർ പേനയും.