തിരുവനന്തപുരം: സുഹറ , മജീദ്, പാത്തുമ്മയും ആടും, ആനവാരി രാമൻനായർ, പൊൻകുരിശ് തോമ,എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണൻപോക്കർ , മണ്ടൻ മുത്താപ്പ, തൊരപ്പൻഅവറാൻ, ഉണ്ടക്കണ്ണനന്ത്രൂ, പളുങ്കൻകൊച്ചുകുഞ്ഞ്, കടുവാമാത്തൻ തുടങ്ങി നൂറോളം കഥാപാത്രങ്ങളുണ്ടായിരുന്നു ഇന്നലെ മാനവീയം വീഥിയിലെ മാങ്കോസ്റ്റിൻ മരത്തിന് ചുറ്റും. തങ്ങളുടെ ജനനത്തിന് കാരണക്കാരനായ ബേപ്പൂർ സുൽത്താന്റെ 25-ാം ചരമവാർഷികത്തോടനുബന്ധിച്ച് സ്വന്തം കഥ പറയാനെത്തിയതാണെല്ലാവരും. തലസ്ഥാനത്തെ എഴുത്തുകാരുടെ കൂട്ടായ്മയായ 'ട്രിവാൻഡ്രം വിമൻസ് റൈറ്റേഴ്സ് ഫോറം" അംഗങ്ങളാണ് ഓരോരുത്തരെയായി പുസ്തകത്തിൽ നിന്ന് അടർത്തിയെടുത്ത് മാങ്കോസ്റ്റിൻ മരച്ചുവട്ടിലേക്ക് ആനയിച്ചത്.
ഒരു മണിക്കൂറോളം നേരം മാനവീയം വീഥി വൈക്കം മുഹമ്മദ് ബഷീറിന്റെ വീടിന് മുന്നിലെ മാങ്കോസ്റ്റിൻ മരച്ചുവടായി. ചാരുകസേരയിലിരുന്ന് ഗ്രാമഫോണിൽ നിന്നൊഴുകിയെത്തുന്ന 'സോജാ രാജകുമാരി " പാട്ട് കേൾക്കുന്ന 'കഥകളുടെ സുൽത്താൻ' ആ സംഗമത്തിൽ ആദൃശ്യ പങ്കാളിയായി. മൺമറഞ്ഞ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 25ാം ചരമവാർഷികത്തോട് അനുബന്ധിച്ച് ട്രിവാൻഡ്രം വിമൻസ് റൈറ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ അനന്തപുരിയിലൊരുക്കിയ 'ബഷീർ അനുസ്മരണം" നവ്യാനുഭവമായി മാറി. ബി.മുരളി,സി എസ്. ചന്ദ്രിക,അനിതാതമ്പി,സതീഷ് ബാബു പയ്യന്നൂർ, പ്രമോദ് പയ്യന്നൂർ, വിനു എബ്രഹാം, ശ്രീകണ്ഠൻ കരിക്കകം, ടി.ബി. ലാൽ, ഷിനിലാൽ, കെ.എ. ബീന, ഗീതാനസീർ, ഡി.അനിൽകുമാർ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി. ആരും ആരെയും ക്ഷണിക്കാതെ ദേവസ്ഥാനങ്ങൾ തേടിയെത്തുന്ന തീർത്ഥാടകരെപ്പോലെ നാനാതുറകളിൽ നിന്നുള്ള നൂറോളം പേർ ബഷീറിന്റെ അദൃശ്യസാന്നിദ്ധ്യമനുഭവിക്കാൻ മാനവീയത്തിലെത്തി.
മാനവീയത്തിലെ മാങ്കോസ്റ്റിൻ
കാലത്തിന്റെയും വായനക്കാരുടേയും മനസിൽ ചാരുകസേരയിട്ടിരിക്കുന്ന ബഷീറിന്റെ ഓർമയ്ക്കായി 2015ലാണ് മാനവീയം വീഥിയിൽ സുഗതകുമാരിയുടെ നേതൃത്വത്തിൽ മാങ്കോസ്റ്റിൻ മരം നട്ടത്.വീഥിയുടെ കിഴക്കുഭാഗത്ത് പി. ഭാസ്കരൻ പ്രതിമയ്ക്ക് സമീപമാണ് ചുറ്റുവേലി കെട്ടി സംരക്ഷിക്കുന്ന മരം. എല്ലാ ആഴ്ചയിലും വിമൻസ് റൈറ്റേഴ്സ് ഫോറത്തിന്റെ പ്രതിനിധികളെത്തി മാങ്കോസ്റ്റിനെ പരിപാലിക്കാറുണ്ട്.
ഒരു മനുഷ്യ ജന്മത്തെ അക്ഷരങ്ങളിലൂടെ പ്രതിഫലിപ്പിച്ച അസാമാന്യതയുടെ പേരാണ് വൈക്കം മുഹമ്മദ് ബഷീർ. പൊടിപ്പും തൊങ്ങലും ജീവിതത്തിൽ ഇല്ലാത്തത് കൊണ്ടാകണം എഴുത്തിലും അത് അദൃശ്യമായത്. അദ്ദേഹം നടന്ന വഴികളിലെ കാഴ്ചകളും അനുഭവങ്ങളും ആണ് പിന്നീട് കഥകളായത്. എല്ലാ കഥകളും കാലത്തോടൊപ്പം നിന്നു. കഥാപാത്രങ്ങൾ കാലാനുവർത്തിയുമായി. ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു മാംഗോസ്റ്റിൻ മരത്തണലിൽ നിന്ന് ബഷീർ എന്ന കഥാമരം അദൃശ്യമായിട്ട്. എങ്കിലും ആ വൻമരത്തിന്റെ ഫലങ്ങൾ ഇന്നും അദ്ഭുതത്തോടെ ഒരു ജനതയ്ക്ക് രുചിക്കാൻ സാധിക്കുന്നുണ്ട്. അത്രമേൽ ആണ്ട് കിടക്കുകയാണ് ഈ മണ്ണിൽ അതിന്റെ വേരുകൾ.