സൈജുകുറുപ്പ് ആദ്യമായി ടൈറ്റിൽ വേഷത്തിൽ എത്തുന്ന ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രം അരുൺ വൈഗ സംവിധാനം ചെയ്യുന്നു.സിജു വിത്സൻ, ഷറഫുദ്ദീൻ എന്നിവരാണ് മറ്റു താരങ്ങൾ.
കോമഡി ട്രാക്കിലാണ് ഉപചാര പൂർവം ഗുണ്ട ജയൻ ഒരുങ്ങുന്നത്.നായികയെ തീരുമാനിച്ചിട്ടില്ല. ഷെബാബ് ആനിക്കാട് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഒക് ടോബർ ഒന്നിന് ചേർത്തലയിൽ ആരംഭിക്കും.ബിജിബാലാണ് സംഗീത സംവിധാനം.
അസ്കർ അലിയും അതിഥിരവിയും നായികാ, നായകൻമാരായി അഭിനയിച്ച ചെമ്പരത്തിപ്പൂ എന്ന സിനിമയുടെ സംവിധായകനാണ് അരുൺ വൈഗ.അതേ സമയം കൈനിറയേ സിനിമകളാണ് സൈജു കുറുപ്പിന്. സൈജു കുറുപ്പ് പ്രധാന വേഷത്തിൽ എത്തുന്ന ജനമൈത്രി റിലീസിന് ഒരുങ്ങുകയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ജനമൈത്രി നവാഗതനായ ജോൺ മന്ത്രിക്കലാണ് സംവിധാനം ചെയ്യുന്നത്.
സൈജു കുറുപ്പ് അഭിനയിച്ച കമലിന്റെ പ്രണയമീനുകളുടെ കടൽ , പ്രിജിത്തിന്റെ സത്യം പറഞ്ഞാ വിശ്വസിക്കുവോ, ഗൗതമി നായരുടെ വൃത്തം എന്നീ സിനിമകളും റിലീസിന് ഒരുങ്ങുന്നുണ്ട്.