ഗായത്രി സുരേഷിന് തമിഴിൽ നിന്ന് നിരവധി ഓഫറുകളാണ് വരുന്നത്.എന്നാൽ നവാഗതനായ വെങ്കിട്ട് പാക്കർ സംവിധാനം ചെയ്യുന്ന 4G എന്ന ചിത്രത്തിന്റെ റിലീസ് വൈകുന്നത് ഗായത്രിയുടെ വഴിമുടക്കുന്നു.ജി.വി. പ്രകാശാണ് ചിത്രത്തിലെ നായകൻ. ഇതിന്റെ ചിത്രീകരണം 2016 ലാണ് തുടങ്ങിയത്. ജി.വി. പ്രകാശിന്റെ തിരക്കും സാമ്പത്തിക പ്രശ്നങ്ങളുമാണ് 4G യുടെ റിലീസ് വൈകിപ്പിക്കുന്നത്.ഇനിയൊരു ഗാനരംഗം കൂടി ചിത്രീകരിക്കാനുണ്ട്.ഇക്കൊല്ലം റിലീസ് ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.4G റിലീസ് ചെയ്തശേഷമേ മറ്റ് തമിഴ് ചിത്രങ്ങളിൽ അഭിനയിക്കാവൂയെന്ന് കരാറുണ്ട്.അതാണ് ഗായത്രിക്ക് വിനയായത്.സതീഷ് മുത്തുകൃഷ്ണനും സുരേഷ് മേനോനുമാണ് 4Gയിലെ മറ്റ് പ്രധാന താരങ്ങൾ.സംവിധായകൻ ശങ്കറിന്റെ സഹായിയായിരുന്നു വെങ്കിട്ട് പാക്കർ.
ഈ വർഷം തെലുങ്ക് സിനിമയിലും ഗായത്രി നായികയായി അഭിനയിക്കുന്നുണ്ട്. ഹീറോ ഹീറോയിൻ എന്ന തെലുങ്ക് സിനിമയുടെയും ഗാനരംഗങ്ങൾ പൂർത്തിയാകാനുണ്ട്. മിസ് കേരള കിരീടം നേടിയ ഗായത്രി കുഞ്ചാക്കോ ബോബൻ നായകനായ ജമ്ന പ്യാരി എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ളവം പ്രണയം എന്നിവയാണ് മറ്റു സിനിമകൾ.നവാഗതനായ സുരേഷ് കുറ്റ്യാടി സംവിധാനം ചെയ്യുന്ന മാഹി എന്ന സിനിമയിലും ഗായത്രിയാണ് നായിക. അനീഷ് മേനോനാണ് നായകൻ. ഈ സിനിമയുടെ ആദ്യ ഷെഡ്യൂൾ മാഹിയിൽ പൂർത്തിയായി.ഷാഫി സംവിധാനം ചെയ്ത ചിൽഡ്രൻസ് പാർക്കാണ് ഗായത്രിയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.