well

വെമ്പായം: കിണറിന്റെ ഭിത്തിയിൽ ചാരിയിരുന്ന് ഫോൺ വിളിക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞു കിണറ്റിലേക്ക് വീണയാളെ മൂന്ന് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. നിരവധി കേസുകളിൽ പ്രതിയായ കൊഞ്ചിറ നാലുമുക്ക് വിളയിൽ വീട്ടിൽ പ്രദീപിനെയാണ് (38) അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.

ബുധനാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. വീടിന് സമീപമുള്ള കിണറിന്റെ ഭിത്തിയിൽ ചാരിയിരുന്നു ഫോൺ വിളിക്കുന്നതിനിടെയായിരുന്നു അപകടം. സംഭവ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇയാളുടെ അമ്മ സരള ഉടുത്ത ബന്ധുവിന്റെ കല്യാണ വീട്ടിലായിരുന്നു. പ്രദീപിന്റെ കയ്യിലുണ്ടായിരുന്ന ഫോൺ വെള്ളത്തിൽ വീണ് കേടായതിനാൽ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ബുധനാഴ്‌ച രാത്രിയും വ്യാഴാഴ്‌ചയും കിണറ്റിന്റെ തൊടിയിൽ പിടിച്ചിരുന്ന് നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. മൂന്നാം ദിവസമായപ്പോൾ തീരെ അവശനായ പ്രദീപിന്റെ ശബ്‌ദം പുറത്തുകേൾക്കാനായില്ല. ഇന്നലെ രാവിലെ കിണറിന് സമീപത്തിലൂടെ പോയ വഴി യാത്രക്കാരൻ കിണറിനുള്ളിൽ നിന്ന് ശബ്ദം കേട്ട് നോക്കുമ്പോഴാണ് കിണറ്റിനുള്ളിൽ അകപ്പെട്ട പ്രദീപിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ നെടുമങ്ങാട് നിന്ന് ഫയർഫോഴ്സ് എത്തി ഉച്ചക്ക് ഒരു മണിയോടെ പ്രദീപിനെ പുറത്തെടുത്തു. ഇയാൾ തീരെ അവശനായിരുന്നു. കൈക്ക് പരിക്കേറ്റ പ്രദീപിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അജികുമാർ ഫയർമാൻമാരായ അനൂപ്, രഞ്ചു, സന്തോഷ്, വിവിൻ, നിഖിൽ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.