2016 ഡിസംബറിൽ ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ അമേരിക്കൻ എംബസിയിലെ മെഡിക്കൽ സെന്ററിൽ തലവേദനയും അതിസാരവും ബാധിച്ച ഒരു സി.ഐ.എ ഏജന്റ് ചികിത്സയ്‌ക്കെത്തി. തുടർന്നുള്ള ദിവസങ്ങളിൽ രണ്ട് സി.ഐ.എ ഏജന്റുമാർ കൂടി സമാന രോഗാവസ്ഥകളോടെ ഇവിടേക്കെത്തി. 2018 ആകുമ്പോഴേക്കും സ്ഥിതി രൂക്ഷമായി. പിന്നീട് ചികിത്സയ്‌ക്കെത്തിയ ഏജന്റുമാർക്ക് സമാനലക്ഷണങ്ങൾക്ക് പുറമെ കേൾവി ശക്തി നഷ്‌ടപ്പെടുകയും മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാവുകയും ചെയ്‌തതോടെയാണ് സംഗതി രൂക്ഷമാണെന്ന് അധികൃതർക്ക് മനസിലായത്. ഇതിനോടകം തന്നെ ഏതാണ്ട് 26 അമേരിക്കൻ പൗരൻമാരും 13 കനേഡിയൻ പൗരന്മാരും ചികിത്സയ്‌ക്കെത്തി. എന്നാൽ ഇവരെല്ലാം പറഞ്ഞ കാരണമാണ് സി.ഐ.എയെ ഉറക്കം കെടുത്തിയത്. തങ്ങൾ താമസിച്ചിരുന്ന ഹോട്ടലിലെ മുറിയിൽ നിന്നും അസാധാരണമായ ഒരു ശബ്‌ദം കേട്ടതിന് പിന്നാലെയാണ് ഇത്തരം രോഗമുണ്ടായതെന്നായിരുന്നു എല്ലാവരുടെയും മൊഴി. വളരെ ഉച്ചത്തിലുള്ള ശബ്‌ദം തങ്ങളുടെ മുറിയെ ലക്ഷ്യം വച്ച് തന്നെ ഉണ്ടായതാണെന്നും ഇവർ ഉറപ്പിച്ച് പറഞ്ഞതോടെ സംഗതി കൂടുതൽ കുഴഞ്ഞുമറിഞ്ഞു. തറയിൽ മാർബിൾ പാകുന്നതിന് ഉപയോഗിക്കുന്ന യന്ത്രത്തിൽ നിന്ന് വരുന്നത് പോലെയാണ് ശബ്‌ദമെന്നും ചിലർ വ്യക്തമാക്കി.
അൾട്രാ സോണിക്ക് അറ്റാക്ക്?
സംഗതി സീരിയസ് ആണെന്ന് മനസിലാക്കിയതോടെ രോഗം ബാധിച്ചവരെയെല്ലാം വിദഗ്‌ദ്ധ പരിശോധനകൾക്ക് വിധേയമാക്കി. പെൻസിൽവാനിയ സർവകലാശാലയിൽ വച്ച് നടത്തിയ പരിശോധനയിൽ സി.ഐ.എ ഏജന്റുമാരുടെ തലച്ചോറിന് ക്ഷതമേറ്റതായി കണ്ടെത്തിയെങ്കിലും ഇതെങ്ങനെ സംഭവിച്ചുവെന്ന് ഉറപ്പിച്ച് പറയാൻ ഇവർക്കുമായില്ല. ഇതോടെ ക്യൂബൻ സർക്കാർ അമേരിക്കൻ ഏജന്റുമാർക്കെതിരെ അൾട്രാ സോണിക്ക് ശബ്‌ദം ഉപയോഗിച്ചുള്ള ആക്രമണം നടത്തിയതാണോ എന്ന സംശയം ബലപ്പെട്ടു. എന്നാൽ ഇത്തരത്തിലുള്ള ഒരു ആയുധവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് സി.ഐ.എയുടെ അന്വേഷണത്തിൽ തെളിഞ്ഞത്. അമേരിക്കൻ രഹസ്യാന്വേഷണ ഏജന്റുമാരിൽ നിന്ന് രഹസ്യങ്ങൾ ചോർത്താൻ ക്യൂബൻ സർക്കാർ ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഘടിപ്പിച്ചതാണോയെന്നും ചില ഡിറ്റക്‌ടീവുകൾ സംശയം പ്രകടിപ്പിച്ചു. ഏതെങ്കിലും തരത്തിലുള്ള പുതിയ ആയുധങ്ങളുടെ പരീക്ഷണമാണോയെന്നും സംശയങ്ങൾ ഉയർന്നു. എന്നാൽ ഇതിനും തെളിവുകളൊന്നും ലഭിച്ചില്ല.
ഉറക്കം കെടുത്തി പുതിയ കണ്ടെത്തൽ
എന്നാൽ തുടർന്ന് പരിശോധന നടത്തിയ ചില ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ അധികൃതരെ വീണ്ടും ആശയക്കുഴപ്പത്തിലാക്കി. ഒരുതരം ചീവീടുകളിൽ നിന്നുണ്ടാകുന്ന ശബ്‌ദമാണ് സി.ഐ.എ ഉദ്യോഗസ്ഥരുടെ രോഗത്തിന് കാരണമായതെന്നായിരുന്നു ഇവരുടെ കണ്ടെത്തൽ. തിരക്കേറിയ ഹൈവേകളിൽ കൂടി അതിവേഗത്തിൽ പോകുന്ന വാഹനത്തിലിരുന്ന് പോലും ഇവയുടെ ശബ്‌ദം കേൾക്കാൻ കഴിയും. എന്നാൽ ഇതെങ്ങനെ അപൂർവ രോഗത്തിന് കാരണമായെന്ന് കണ്ടെത്താൻ പരിശോധന നടത്തിയ കാലിഫോർണിയ സർവകലാശാലയിലെ ഉദ്യോഗസ്ഥർക്കും കഴിഞ്ഞില്ല.
അത് വെറും ടെൻഷൻ
അതേസമയം, ക്യൂബ പോലുള്ള അപകടം നിറഞ്ഞ സ്ഥലത്ത് ജോലി ചെയ്യുന്ന ഏജന്റുമാരിൽ മാനസിക സംഘർഷം കൂടുതലായിരിക്കുമെന്നും ഇതാകും രോഗത്തിന് കാരണമെന്നുമാണ് അധികൃതരുടെ ഭാഷ്യം. യാത്ര ചെയ്യുന്ന കാറിലും താമസിക്കുന്ന ഹോട്ടലിലും മറ്റും രഹസ്യം ചോർത്താൻ ശത്രുക്കൾ ഉപകരണങ്ങളും മറ്റും സ്ഥാപിച്ചിട്ടുണ്ടെന്ന് ഏജന്റുമാർക്ക് സി.ഐ.എ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ചില ഏജന്റുമാരെ പരിഹരിക്കാനാവാത്ത വിധത്തിലുള്ള ഉത്കണ്‌ഠയിലേക്ക് നയിക്കും. ഇതാണ് രോഗത്തിന് കാരണമായതെന്നും അധികൃതർ പറയുന്നു.
അപ്പോൾ ചൈനയിൽ നടന്നതോ?
2018 മേയിൽ ചൈനയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എ ഏജന്റ് സമാനമായ രോഗലക്ഷണങ്ങളോടെ ചികിത്സയ്‌ക്കെത്തി. പിന്നാലെ സമാന രോഗം ബാധിച്ച് ഏതാണ്ട് 15 ഏജന്റുമാരെ അമേരിക്ക ഇവിടെ നിന്നും പിൻവലിച്ചു. ഇതിന് പിന്നിലെ കാരണം കണ്ടെത്താനും സി.ഐ.എയ്‌ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ ക്യൂബയിലുണ്ടായിരുന്ന തങ്ങളുടെ 60 ശതമാനം ഏജന്റുമാരെയും അമേരിക്ക ഇതിനോടകം തന്നെ പിൻവലിച്ചിരുന്നു. മാത്രവുമല്ല തങ്ങളുടെ രാജ്യത്ത് ജോലി നോക്കിയിരുന്ന 15 ക്യൂബൻ നയതന്ത്രരെ തിരിച്ചയയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. എന്തായാലും ഇക്കാര്യം സി.ഐ.എയുടെ ചരിത്രത്തിലെ തന്നെ നാണക്കേടിന്റെ അദ്ധ്യായമായി ഇപ്പോഴും തുടരുന്നു.