ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇൻഡിഗോ വിമാനത്തിൽ ബോംബുളളതായി ഫോൺ സന്ദേശം. ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് നഗരത്തിലെത്താനിരിക്കെയാണ് ഇത്തരത്തിലൊരു ഭീഷണിയെന്നതിനാൽ പൊലീസ് ഈ വിഷയം ഗൗരവമായാണ് കണ്ടത്. ഇതൊരു വ്യാജ സന്ദേശമാണെന്നും വഞ്ചിക്കപ്പെട്ട ഒരു കാമുകനാണ് ഇതിന് പിന്നിലെന്നും കണ്ടെത്തി.
വിവരം കിട്ടിയ ഉടൻതന്നെ ഹൈദരാബാദ് പൊലീസ് ഇൻഡിഗോ വിമാനത്തിൽ ബോംബ് ഉണ്ടോയെന്ന് അന്വേഷണം നടത്തി. അവിടെ നിന്നും ഒരു അലാറം കണ്ടെത്തി. ബി.ജെ.പിയുടെ അംഗത്വ വിതരണ പരിപാടിയിൽ പങ്കെടുക്കാനാണ് അമിതാഷാ ഇന്ന് ഹൈദരാബാദിലെത്തുന്നത്. 'ഇതൊരു തെറ്റായ സന്ദേശമാണെന്ന് അന്വേഷണത്തിൽ നിന്ന് മനസിലായി. എല്ലാ വിമാനങ്ങളും ശരിയായി പ്രവർത്തിക്കുന്നു'- ശംഷാബാദ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പ്രകാശ് റെഡ്ഢി പറഞ്ഞു.
രാച്ചകോണ്ടിലെ മൽക്കാജ്ഗിരിയുടെ സായ് റാം തിയേറ്ററിൽ ബോംബ് വച്ചിട്ടുണ്ടെന്ന് മെയ് മാസത്തിൽ ഹൈദരാബാദ് പോലീസിന് സമാനമായ ഒരു തട്ടിപ്പ് കോൾ ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും പ്രതിരോധമന്ത്രി നിർമ്മല സീതാരാമന്റെയും സന്ദർശനത്തിന് മുന്നോടിയായി അധികൃതർക്ക് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് ചെന്നൈ വിമാനത്താവളം അതീവ ജാഗ്രത പുലർത്തിയിരുന്നു.