ഇംഗ്ളീഷ് പഠിക്കാൻ കഴിയാത്തതിൽ താൻ ഏറെ ദുഖിക്കുന്നുവെന്ന് നടൻ ഷമ്മി തിലകൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം സുഹൃത്തുക്കളുമായി പങ്കുവച്ചിരിക്കുന്നത്. എന്നാൽ സംഭവം തമാശയാണ് കേട്ടോ, നടൻ നെപ്പോളിയന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഷമ്മിയുടെ ഇംഗ്ളീഷ് പഠനത്തെ കുറിച്ചുള്ള രസകരമായ കുറിപ്പ്.
'പണ്ട് പള്ളിക്കൂടത്തിൽ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേൽ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു..! #അച്ഛൻ ചെയ്‌ത ദ്രോഹമേ..! ഇനി പറഞ്ഞിട്ടെന്താ കാര്യം..?'- ഷമ്മിയുടെ ഫേസ്ബുക്ക് പോസ്‌റ്റ് ഇപ്രകാരമാണ്.
ഡാനിയേൽ ന്യൂഡ്‌സെൻ സംവിധാനം ചെയ്യുന്ന ക്രിസ്മസ് കൂപ്പണാണ് നെപ്പോളിയന്റെ ഹോളിവുഡ് ചിത്രം. ഹോക്കി പ്ലേയറുടെ മാനേജരുടെ വേഷത്തിലാണ് താരം ചിത്രത്തിൽ എത്തുന്നത്. കോർട്ട്നി മാത്യൂസ്, ആരോൺ നോബിൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെപ്പോളിയന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് ക്രിസ്മസ് കൂപ്പൺ. നേരത്തെ ഡെവിൾസ് നൈറ്റ് എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു.