ലണ്ടൻ: വീസയില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകൾ സിംഗപ്പൂരിന്റെയും ജപ്പാന്റെയും. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള പൗരത്വ റസിഡൻസ് ഉപദേശക സംഘടനയായ ഹെൻലി ആൻഡ് പാർട്‌നേഴ്സ് പുറത്ത് വിട്ട പാസ്‌പോർട്ടുകളുടെ ആഗോള സൂചികയിൽ 86ാം സ്ഥാനത്താണ് ഇന്ത്യ. വീസയില്ലാതെ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് 58 രാജ്യങ്ങൾ സന്ദർശിക്കാം.
ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ ലിസ്റ്റിൽ ഓരോ രാജ്യത്തിനുമുള്ള സ്ഥാനം നിർണയിക്കുന്നത് വീസയില്ലാതെ എത്ര രാജ്യങ്ങൾ സന്ദർശിക്കാം എന്നത് അനുസരിച്ചാണ്. ആദ്യ സ്ഥാനം നേടിയ ജപ്പാൻ, സിംഗപ്പൂർ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് വീസയില്ലാത 189 രാജ്യങ്ങൾ സന്ദർശിക്കാം.
പട്ടികയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയത് ജർമ്മനി, ദക്ഷിണ കൊറിയ, ഫിൻലൻഡ് എന്നീ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് വീസയില്ലാതെ 187 രാജ്യങ്ങളിൽ യാത്ര ചെയ്യാം. 186 രാജ്യങ്ങൾ വീസയില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്ന യൂറോപ്യൻ രാജ്യങ്ങളായ ഡെൻമാർക്, ഇറ്റലി, ലക്സംബർഗ് എന്നിവരാണ് മൂന്നാം സ്ഥാനത്ത്.
യുഎസും യുകെയുമായിരുന്നു 2014 ൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 183 രാജ്യങ്ങളിൽ മാത്രമാണ് ഇവരുടെ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് വീസയില്ലാതെ സഞ്ചരിക്കാനാവുക. 167 രാജ്യങ്ങൾ വീസയില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്ന യു.എ.ഇയുടെ സ്ഥാനം ഇരുപതാണ്. പട്ടികയിൽ ഏറ്റവും പിന്നിലുള്ളത് അഫ്ഗാനിസ്ഥാനാണ്. ഇവരുടെ പാസ്‌പോർട്ട് ഉപയോഗിച്ച് വീസയില്ലാതെ 25 രാജ്യങ്ങളിലേക്ക് മാത്രമാണ് സഞ്ചരിക്കാൻ സാധിക്കുക. 106ാം സ്ഥാനത്തുള്ള പാകിസ്ഥാന് വീസയില്ലാതെ 35 രാജ്യങ്ങളിൽ മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുക.