robbery

കണ്ണൂർ: സംസ്ഥാനത്തെ നടുക്കി വീണ്ടും പട്ടാപ്പകൽ സ്വർണക്കവർച്ച. കണ്ണൂർ തലശേരിയിലാണ് പട്ടാപ്പകൽ സ്വർണവ്യാപാരിയെ ആക്രമിച്ച് അരപ്പവൻ സ്വർണം കവർന്നത്. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ശ്രീകാന്ത് കദം ആണ് കവർച്ചയ്‌ക്ക് ഇരയായത്.

തലശേരി നഗര മധ്യത്തിലെ വീട്ടിൽ നിന്നും കടയിലേക്ക് പോകാൻ ഇറങ്ങുന്നതിനിടെ ബൈക്കിലെത്തിയ സംഘം ശ്രീകാന്തിനെ തലയ്‌ക്കടിച്ച് വീഴ്‌ത്തിയ ശേഷം സ്വർണം കവരുകയായിരുന്നു. കാലങ്ങളായി തലശേരി കേന്ദ്രീകരിച്ച് സ്വർണ കച്ചവടം നടത്തുന്ന ശ്രീകാന്തിൽ നിന്ന് സ്വർണം തട്ടിയെടുത്തത് തികച്ചും ആസൂത്രിതമാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസിന് ഇതുവരെ പ്രതികളെക്കുറിച്ച് സൂചനകളൊന്നും തന്നെ ലഭിച്ചിട്ടില്ല. പൾസർ ബൈക്കിലെത്തിയ മൂന്ന് പേരാണ് കവർച്ച നടത്തിയതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ സമീപത്തുള്ള സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് തലശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തലശേരിയിൽ സമാനമായ സംഭവത്തിൽ വ്യാപാരിയിൽ നിന്നും 12 ലക്ഷം രൂപ അജ്ഞാത സംഘം തട്ടിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.