karnataka-mla

ബംഗളൂരു: കർണ്ണാടകയിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. എട്ട് കോൺഗ്രസ് എം.എൽ. എമാരും മൂന്ന് ജെ.ഡി.എസ് എം.എൽ.എമാരും സ്പീക്കറെ കണ്ടു. രാജി കത്ത് നൽകാനായിട്ടാണ് എം.എൽ.എമാർ സ്പീക്കറെ കണ്ടതെന്നാണ് സൂചന. കോൺഗ്രസ് വിമതൻ രമേശ് ജാർക്കിഹോളിയുടെ നേതൃത്വത്തിലാണ് നീക്കം. മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി താൻ രാജിവയ്ക്കുകയാണെന്ന് മാദ്ധ്യമങ്ങളെ അറിയിച്ചു.

'ഞാൻ വന്നത് എന്റെ രാജിക്കത്ത് സ്പീക്കറിന് നൽകാനാണ്. ആരെയും കുറ്റപ്പെടുത്തുന്നില്ല. ചില സമയങ്ങളിൽ അവഗണിക്കപ്പെടുന്നതായി തോന്നി അതുകൊണ്ടാണ് രാജി. എന്റെ മകളുടെ (കോൺഗ്രസ് എം.എൽ.എ സൗമ്യ റഡ്ഢി)കാര്യം എനിക്ക് അറിയില്ല. അവളൊരു സ്വതന്ത്രയായ പെൺകുട്ടിയാണ്. '- രാമലിംഗ റെഡ്ഡി പറഞ്ഞു. സൗമ്യ റഡ്ഡിയും സ്പീക്കറെ കാണാനെത്തിയിരുന്നു.

അതേസമയം എം.എൽ.എമാർ ആരും രാജിവയ്ക്കില്ലെന്ന് മന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു. ഉപമുഖ്യമന്ത്രി ജി. പരമേശ്വര കോൺഗ്രസ് എം.എൽ.എമാരുടെ അടിയന്തര യോഗം വിളിച്ചു. 224അംഗ കർണ്ണാടക നിയമസഭയിൽ 15പേർ രാജിവച്ചാൽ സർക്കാർ ന്യൂനപക്ഷമാകും. സമവായ ചർച്ചയ്ക്കായി കർണ്ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.