dawood-ibrahim

ന്യൂഡൽഹി: അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം തങ്ങളുടെ രാജ്യത്തില്ലെന്ന പാകിസ്ഥാന്റെ വാദം പൊളിയുന്നു. ദാവൂദിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഒരു ദേശീയ മാദ്ധ്യമം പുറത്തുവിട്ടതോടു കൂടിയാണ് ഇതിന് പിൻബലമറിയത്. 1993ലെ മുംബയ് സ്ഫോടനത്തെ തുടർന്ന് രാജ്യം വിട്ട ദാവൂദ് പാകിസ്ഥാന്റെ സംരക്ഷണയിൽ തന്നെയാണെന്ന് പലതവണ ഇന്ത്യ വ്യക്തമാക്കിയിട്ടും നിഷേധാത്മക നിലപാടായിരുന്നു പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്. എന്നാലിപ്പോൾ സീ ന്യൂസാണ് ദാവൂദിന്റെ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

ചിത്രത്തിൽ തന്റെ ഉറ്റ അനുയായിയും 'ഡി കമ്പനി'യുടെ അന്താരാഷ്‌ട്ര ശൃംഖലയുടെ മേധാവിയുമായ ജാബിർ മോട്ടിവാലയുമായി സംസാരിക്കുന്ന ദാവൂദിനെയാണ് കാണാൻ കഴിയുന്നത്. ക്ളീൻ ഷേവ് ലുക്കിലാണ് ദാവൂദ്. 25 വർഷങ്ങൾക്ക് ശേഷമാണ് ദാവൂദ് ഇബ്രാഹിമിന്റെ ചിത്രം പുറത്തു വരുന്നത്. നേരത്തെ വന്ന വാർത്തകൾ അനുസരിച്ച് ദാവൂദ് മാറാ രോഗങ്ങളുടെ പിടിയിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പുതിയ ചിത്രം നൽകുന്ന സൂചനയനുസരിച്ച് പൂർണ ആരോഗ്യവാനായ ദാവൂദിനെയാണ് കാണാൻ കഴിയുക.

dawood-ibrahim

ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കറാച്ചിയിലെ ആഡംബര വസതിയായ ക്ളിഫ്‌ടൺ ഹൗസിലാണ് ദാവൂദ് താമസിക്കുന്നത്. ഭാര്യ മെഹ്‌ജാബിനും മകൻ മോയിൻ നവാസും ദാവൂദിനൊപ്പമുണ്ട്. ദാവൂദിന്റെ ബംഗ്ളാവിന് സമീപം തന്നെയാണ് മോട്ടിവാലയുടെയും ഭവനം. 2018 ആഗസ്‌റ്റ് 17ന് ഇയാളെ സ്‌കോട്ട് ലാന്റ് യാർഡ് അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ മോട്ടിവാല രാജ്യത്തെ മാന്യനായ ബിസിനസുകാരനാണെന്ന ക്ളീൻചിറ്റു നൽകി പാകിസ്ഥാനി ഹൈക്കമ്മിഷൻ ബ്രിട്ടന് കത്ത് നൽകുകയായിരുന്നു. മോട്ടിവാലയിൽ നിന്ന് ദാവൂദിലേക്ക് അന്വേഷണം എത്തിയേക്കുമോ എന്ന് ഭയന്നാണ് പാകിസ്ഥാൻ അങ്ങനെ ചെയ്‌തതെന്നാണ് ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

ദാവൂദിന്റെ ഡി കമ്പനിയുടെ നിർണായക വിവരങ്ങളും ജാബിറിന്റെ പക്കലുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ അന്വേഷണ ഏജൻസികൾ എഫ്ബിഐയുമായി ബന്ധപ്പെട്ടിരുന്നു. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്‌.ഐയ്ക്കും ഡി കമ്പനിയുമായി ബന്ധമുണ്ടെന്നാണ് ഇന്ത്യൻ ഏജൻസികൾ കരുതുന്നത്. പാകിസ്ഥാൻ ഭീകരസംഘടനകളുമായി ജാബിറിന് അടുപ്പമുണ്ടെന്നും ഇവർ കരുതുന്നു. അറസ്റ്റിലാകും മുമ്പ് ജാബിർ പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. ബ്രിട്ടനിൽ 10 വർഷത്തെ വീസയാണ് ജാബിറിനുള്ളത്. 2028ലാണ് ഇതിന്റെ കാലാവധി കഴിയുന്നത്. അതിനിടെ ആന്റ്വിഗ ആൻഡ് ബർബുഡയിൽ പൗരത്വത്തിനും ജാബിർ ശ്രമിക്കുന്നുണ്ട്.