india-vs-srilanka

ലോകകപ്പിൽ സെമി ഉറപ്പിച്ച ഇന്ത്യയും ഓസീസും അവസാന റൗണ്ട് മത്സരങ്ങൾക്കായി ഇന്നിറങ്ങും. ഹെഡിംഗ്ലെ കാർണേജിലാണ് നീലപ്പടയുടെ പോരാട്ടം. അയൽക്കാരായ ശ്രീലങ്കയാണ് എതിരാളി. ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും.

ടൂർണമെന്റിൽ നിന്നും പുറത്തായ ദക്ഷിണാഫ്രിക്കയാണ് ആസ്‌ട്രേലിയയുടെ എതിരാളി. ഓൾഡ് ട്രാഫോർഡിൽ ആറിനാണ് പോരാട്ടം. എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ആസ്‌ട്രേലിയയും ഇന്ത്യയും പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനക്കാരാണ്.സെമി മത്സരങ്ങൾ 9, 11 തീയതികളിലാണ്. ഇന്ത്യയ്ക്കും ഓസീസിനും പുറമേ ഇംഗ്ലണ്ടും കിവീസുമാണ് സെമിയിൽ ഇടംപിടിച്ച മറ്റ് ടീമുകൾ. ഇന്നത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാൽ പോയിന്റ് പട്ടികയിൽ കങ്കാരുക്കൾ ഒന്നാം സ്ഥാനം നിലനിറുത്തും. ദക്ഷിണാഫ്രിക്കയോട് തോൽക്കുകയും ഇന്ത്യ ശ്രീലങ്കയെ തോൽപ്പിക്കുകയും ചെയ്താൽ ഓസീസ് രണ്ടാമതാകും.

ഏഴാം ജയത്തിന് ഇന്ത്യ

രണ്ട് മാറ്റങ്ങളോടെയാകും നീലപ്പട അവസാന മത്സരത്തിന് ഇറങ്ങുക. അതിൽ ശ്രദ്ധേയം ഇന്ത്യയുടെ കുന്തമുന മുഹമ്മദ് ഷമിക്കും യുസ്‌വേന്ദ്ര ചാഹലിനും വിശ്രമം നൽകിയെന്നതാണ്. സെമിക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് താരത്തിന് വിശ്രമം അനുവദിക്കുന്നത്. കുൽദീപ് യാദവിനെയും, രവീന്ദ്ര ജഡേജയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടീമിൽ ആറാം ബൗളറായി രവീന്ദ്ര ജഡേജയെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒന്നാമനായി വാഴാൻ ഒന്നാമനെ വീഴ്ത്താൻ

സെമിക്ക് മുന്നോടിയായുള്ള പോരിൽ ജയിച്ച് കയറാൻ ഒരുങ്ങി തന്നെയാണ് കങ്കാരുക്കൾ പട നയിച്ചെത്തുന്നത്. തോറ്റ് പുറത്തായ ദക്ഷിണാഫ്രിക്കയാണ് എതിരാളിയെങ്കിലും ഫാഫിനെയും സംഘത്തെയും കുറച്ച് കാണുന്നില്ല ഓസീസ്. ശ്രീലങ്കയ്ക്കെതിരെ ജയത്തോടെ പോരാട്ട വീര്യം ചോർന്നിട്ടില്ലെന്ന് ദക്ഷിണാഫ്രിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെറ്ററൻ താരം ഷോൺ മാഷ് പരിക്കേറ്റ് മടങ്ങുന്നതും സൂപ്പർ താരം മാക്സ്‌വെൽ പരിക്കിന്റെ പിടിയിലായതുമാണ് ഓസീസിനെ അലട്ടുന്നത്. പരിശീലനത്തിനിടെ വലത് കൈത്തണ്ടക്കേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. നെറ്റ്‌സിൽ പരിശീലനത്തിനിടെ പാറ്റ് കമ്മിൻസിന്റെ പന്തിലാണ് മാർഷിന് പരിക്കേറ്റത്. പരിക്ക് ഭേദമാവണമെങ്കിൽ മാർഷിന് ശസ്ത്രക്രിയ ആവശ്യമാണ്.

മാർഷിന് പകരക്കാരനായി പീറ്റർ ഹാൻഡ്‌സ്‌കോംപ് ടീമിലെത്തും. വെടിക്കെട്ട് വീരൻ ഗ്ലെൻ മാക്‌സ്‌വെല്ലിനും ഇതേ രീതിയിൽ പരിക്കേറ്റിട്ടുണ്ട്. മിച്ചൽ സ്റ്റാർക്കിന്റെ പന്തിലാണ് മാക്‌സ്‌വെല്ലിന് പരിക്കേറ്റത്.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ പൂർണ ഫിറ്റോടെ തിരിച്ചെത്താൻ മാക്സ്‌വെല്ലിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആസ്ട്രേലിയ. എട്ട് മത്സരങ്ങളിൽ രണ്ട് ജയം മാത്രമാണ് ദക്ഷിണാഫ്രിക്കൻ സമ്പാദ്യം. തുടക്കം മുതൽ തോൽവി രുചിച്ച് മുന്നേറിയ ടീം കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയെ ഒമ്പത് വിക്കറ്റിനാണ് കശക്കിയെറിഞ്ഞത്. ദക്ഷിണാഫ്രിക്കൻ ബൗളർമാർ ലങ്കയെ എറിഞ്ഞിടുകയായിരുന്നു. ഒന്നാം സ്ഥാനക്കാരായ കങ്കാരുക്കളെയും എറിഞ്ഞിട്ട് ജയത്തോടെ മടങ്ങുകയാണ് ഫാഫിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ടീമിൽ കാര്യമായ മാറ്റം ഉണ്ടായേക്കില്ല. അതേസമയം,​ ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളായ ഇമ്രാൻ തഹീർ ഓസീസുമായുള്ള മത്സരത്തോടെ ക്രിക്കറ്റിൽ നിന്നും വിടവാങ്ങുമെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ട് ലോകകപ്പിൽ ആദ്യ ഓവർ എറിഞ്ഞത് ഇമ്രാൻ താഹീർ ആയിരുന്നു. ഏകദിനത്തിൽ ഏഴ് വിക്കറ്റ് നേടിയ ആദ്യ ദക്ഷിണാഫ്രിക്കൻ ബൗളറാണ് താഹിർ.