karnataka

ബംഗളൂരു: രാജിസന്നദ്ധത അറിയിച്ച് കൂടുതൽ ഭരണപക്ഷ എം.എൽ.എമാർ രംഗത്തെത്തിയതോടെ കർണാടക രാഷ്ട്രീയത്തിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ പറന്നിറങ്ങി കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ ഡി.കെ.ശിവകുമാർ. സ്പീക്കറെ കാണാൻ വിധാൻസൗധയിലെത്തിയ എം.എൽ.എമാരിൽ മൂന്ന് പേർ തങ്ങളുടെ രാജി തീരുമാനം മാറ്റിവച്ച് ശിവകുമാറിനൊപ്പം മടങ്ങി. ഒരു എം.എൽ.എ പോലും രാജിവയ്‌ക്കില്ലെന്നും സർക്കാർ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തങ്ങളെ കാണാൻ സ്പീക്കർ കൂട്ടാക്കാത്തതിനെ തുടർന്ന് വിമത എം.എൽ.എമാർ ഗവർണർ വാജുഭായ് വാലയെ കാണാൻ പുറപ്പെട്ടതായും വിവരമുണ്ട്. സർക്കാരിന് ഭൂരിപക്ഷം നഷ്‌ടപ്പെട്ടതായി ഇവർ ഗവർണറെ അറിയിക്കും. അതിനിടെ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശാനുസരണം സംസ്ഥാനത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.

എന്താണ് കർണാടകയിലെ പ്രശ്‌നം

അടുത്തിടെ നടന്ന മന്ത്രിസഭാ പുനസംഘടനയിൽ തങ്ങൾക്ക് മതിയായ പ്രാതിനിധ്യം കുറവാണെന്ന് ആരോപിച്ചാണ് ബെല്ലാരിയിലെ വിജയനഗർ എം.എൽ.എ ആനന്ദ് സിംഗ്, ഗോഖകിൽ നിന്നുള്ള രമേഷ് ജാർക്കിഹോളി എന്നിവർ കഴിഞ്ഞ ആഴ്‌ച തങ്ങളുടെ നിയമസഭാംഗത്വം രാജിവച്ചത്. ഇതിന് പിന്നാലെയാണ് ഒമ്പത് കോൺഗ്രസ് എം.എൽ.എമാരും മൂന്ന് ജെ.ഡി.എസ് അംഗങ്ങളും കൂടി സ്പീക്കറെ കാണാൻ വിധാൻസൗധയിലെത്തിയത്. എന്നാൽ താൻ ചൊവ്വാഴ്‌ച മാത്രമേ ഓഫീസിലെത്തൂ എന്നറിയിച്ച സ്പീക്കർ ഇവരെ കാണാൻ കൂട്ടാക്കിയില്ല. ഇതിനിടെ ഇവിടേക്കെത്തിയ ഡി.കെ.ശിവകുമാർ മൂന്ന് എം.എൽ.എമാരെ കൂട്ടിമടങ്ങി.കോൺഗ്രസ് എംഎൽഎമാരായ ശിവറാം ഹെബ്ബാർ (യെല്ലാപുര), ബി.സി.പാട്ടീൽ (ഹിരക്കേരൂർ), നാരായണഗൗഡ (കെആർ പേട്ട്), മഹേഷ് കുമത്തല്ലി (അത്താണി), മുനിരത്‌ന (ആർആർ നഗർ), ദളിന്റെ എ.എച്ച്.വിശ്വനാഥ് (ഹുൻസൂർ), ഗോപാലയ്യ (മഹാലക്ഷ്മി ലേഔട്ട്) എന്നിവരാണ് രാജിസമർപ്പിക്കാൻ എത്തിയത്. വൈകുന്നേരത്തോടെ കൂടുതൽ എം.എൽ.എമാർ രാജി സമർ‌പ്പിക്കുമെന്നും വിവരമുണ്ട്. 224 അംഗ നിയമസഭയിൽ 119 അംഗങ്ങളാണ് കോൺഗ്രസ് – ജെ.ഡി.എസ് സഖ്യത്തിനുള്ളത്‌. ബി.ജെ.പിക്ക് 105ഉം. എന്നാൽ ആരുടെയും രാജി ഇതുവരെ സ്പീക്കർ സ്വീകരിച്ചിട്ടില്ല.

അവസരം മുതലെടുക്കാൻ ബി.ജെ.പി

അതേസമയം, സഖ്യ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി ഉദ്ദേശിക്കുന്നില്ലെന്നാണ് കർണാടക ബി.ജെ.പി അദ്ധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ പറയുന്നത്. കുമാരസ്വാമി സർക്കാർ സ്വയം നിലംപതിച്ചാൽ പുതിയ സർക്കാർ രൂപീകരിക്കാൻ സാദ്ധ്യതകൾ തേടും. വീണ്ടും തിരഞ്ഞെടുപ്പിന് സാദ്ധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ആവശ്യമുള്ളത് വേണ്ടപ്പോൾ ചെയ്യുമെന്നും ബി.ജെ.പി വൃത്തങ്ങൾ വിശദീകരിക്കുന്നുണ്ട്.