amartya-sen-

കൊൽക്കത്ത: ജനങ്ങളെ തല്ലിച്ചതയ്ക്കാൻ വേണ്ടിയാണ് ഇപ്പോൾ ജയ് ശ്രീറാം വിളിക്കുന്നതെന്നും അത് ബംഗാളിന്റെ സംസ്കാരത്തിന്റെ ഭാഗമല്ലെന്നും നോബൽ സമ്മാനജേതാവ് അമർത്യാസെൻ. അദ്ദേഹം മുമ്പ് പ്രൊഫസറായി ജോലിനോക്കിയിരുന്ന ജാദവ് പൂർ സർവകലാശാലയിൽ വിദ്യാർത്ഥികളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ''നേരത്തേ ജയ് ശ്രീറാം വിളിക്കുന്നത് ഞാൻ കേട്ടിട്ടില്ല. ഇപ്പോഴത് ഉപയോഗിക്കുന്നത് ആളുകളെ തല്ലിച്ചതയ്ക്കാനാണ്. മുമ്പ് ബംഗാളിൽ രാമനവമി ആഘോഷിച്ചിരുന്നതായി എനിക്കറിവില്ല. പക്ഷേ ഇപ്പോൾ രാമനവമി ആഘോഷങ്ങൾക്ക് ഏറെ പ്രാധാന്യം കിട്ടിക്കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട എത്രയാളുകളാണ് ജയ് ശ്രീറാമിന്റെ പേരിൽ അടികൊണ്ടത്. ഇക്കഴിഞ്ഞ ബുധനാഴ്ച ഹൂഗ്ലിയിൽ, ജയ് ശ്രീറാം വിളിക്കാത്തതിന് തല്ല് കിട്ടിയത്, 11 വയസുകാരനാണ്." അമർത്യാസെൻ ചൂണ്ടിക്കാട്ടി. ജാതി, മതം, വിഭാഗം ഇതൊന്നും വേർതിരിവുണ്ടാക്കേണ്ട ആവശ്യമില്ല. പക്ഷേ, ഇന്ന് ഈ അവസ്ഥ കൂടിവരുന്നു. ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവർ സ്വതന്ത്രമായി സഞ്ചരിക്കാൻ ഭയക്കുന്നുണ്ടെങ്കിൽ അത് ഗുരുതരമായ വിഷയമാണ് - സെൻ കുറ്റപ്പെടുത്തി.

അതേസമയം, അമർത്യാസെന്നിന് ബംഗാളിനെക്കുറിച്ചറിയില്ലെന്നും ബംഗാളിലെ ഓരോ ഗ്രാമങ്ങളിലുള്ളവരും ജയ് ശ്രീറാം മുഴക്കിയിരുന്നതായും ഇപ്പോൾ ബംഗാൾ മുഴുവനും അത് ആവർത്തിക്കുകയാണെന്നും പറഞ്ഞ് ബി.ജെ.പി ബംഗാൾ സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ്, വിമർശനവുമായി രംഗത്തെത്തി.