നമ്മുടെ നാട്ടിൽ കുഴഞ്ഞു വീണുള്ള മരണനിരക്ക് വർദ്ധിക്കുകയാണ്. യാത്രയിൽ, ക്ളാസ് റൂമിൽ, ആഘോഷച്ചടങ്ങിൽ എവിടെയും ഇത്തരമൊരു ദയനീയരംഗത്തിന് നാം സാക്ഷികളാകേണ്ടി വന്നേക്കാം. ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്ന് നിലയ്ക്കുന്നതാണ് കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് പ്രധാനകാരണം. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ പെട്ടെന്ന് ഒരാൾ കുഴഞ്ഞുവീണ് മരിക്കുന്നതിനെ പെട്ടെന്നുണ്ടാകുന്ന ഹൃദ്റോഗമരണം (Sudden Cardiac Death: SCD) എന്നാണ് വിളിക്കുന്നത്.
കുഴഞ്ഞു വീണാലുടൻ പ്രഥമശുശ്രൂഷകൻ ഉചിതമായി പ്രവർത്തിക്കുന്നത് രോഗി രക്ഷപ്പെടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. പ്രഥമശുശ്രൂഷയിൽ ഏറ്റവും പ്രധാനം മിനിറ്റിൽ 100 തവണയെങ്കിലും ഇടവിടാതെ ശക്തിയായി നെഞ്ച് അമർത്തുക എന്നതാണ് . ഇതു ചെയ്യുമ്പോൾ കൃത്രിമശ്വാസം നല്കേണ്ടതില്ല. കാരണം, ഹൃദയം നിലച്ച് പത്തുമിനിട്ടോളം സമയം ഹൃദയത്തിലും മഹാധമനികളിലുമുള്ള രക്തത്തിൽ ഓക്സിജൻ വേണ്ടത്ര ഉണ്ടായിരിക്കും. ഇത് മസ്തിഷ്ക്കത്തിലേക്കും കൊറോണറി ധമനികളിലേക്കും എത്തിച്ചാൽ മതി.
ആരോഗ്യകരമായ ജീവിതരീതിയാണ് കൊറോണറി ഹൃദ്റോഗത്തെ പ്രതിരോധിക്കാനും രോഗം മാരകമാകാതിരിക്കാനും പരമപ്രധാനം. കൊറോണറി രോഗങ്ങൾ കാരണമായി കുഴഞ്ഞു വീണുള്ള മരണങ്ങൾ ലളിതമായ പ്രതിരോധ നടപടികളിലൂടെ ഏറ്റവും ഫലപ്രദമായി തടയാൻ സാധിക്കും.
എത്ര ചെറിയ രോഗലക്ഷണവും അവഗണിക്കരുത്. ചെറിയ രീതിയിലുണ്ടാകുന്ന നെഞ്ചിടിപ്പ്, പെട്ടെന്ന് തന്നെ അപ്രത്യക്ഷമാകുന്ന തലകറക്കം, ബോധക്ഷയം എന്നിവയെ സാധാരണ ആളുകൾ അവഗണിക്കാറാണ് പതിവ്. എന്നാൽ ഇവയെ ഒരിക്കലും നിസാരമായി തള്ളിക്കളയരുത്.
ആയാസമുള്ള ജോലികളിൽ ഏർപ്പെടുന്നവരും കായികാദ്ധ്വാനമുള്ള ജോലി ചെയ്യുന്നവരും പ്രവൃത്തികൾ ചെയ്യുന്നവർ കൃത്യമായ ഇടവേളകളിൽ ഹൃദയപരിശോധന നടത്തേണ്ടത് അനിവാര്യമാണ്. മാത്രമല്ല വ്യായാമമുള്ള ജീവിതശൈലി പിന്തുടരുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും അമിതവണ്ണം അകറ്റുകയും വേണം. 35 വയസിന് ശേഷം ഹൃദയപരിശോധന അനിവാര്യമാണ്.