ബംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് - ജനതാദൾ സഖ്യ സർക്കാരിനെ തകർച്ചയുടെ വക്കിലാക്കി പതിനൊന്ന് എം.എൽ.എമാർ രാജിവച്ചു. കോൺഗ്രസിലെ എട്ടും ജനതാദൾ - എസിലെ മൂന്നും അംഗങ്ങളാണ് സ്‌പീക്കർക്ക് രാജി സമർപ്പിച്ചത്. മറ്റ് രണ്ട് കോൺഗ്രസ് എം.എൽ.എമാർ കൂടി രാജിവയ്‌ക്കുമെന്ന് റിപ്പോർട്ടുണ്ട്.
രണ്ട് കോൺഗ്രസ് എം.എൽ.എമാർ നേരത്തേ രാജിവച്ചതോടെ സഖ്യത്തിന്റെ അംഗബലം 116 ആയി കുറഞ്ഞിരുന്നു. പതിനൊന്ന് പേരുടെ രാജി കൂടി സ്പീക്കർ സ്വീകരിച്ചാൽ 224 അംഗ നിയമസഭയിൽ സഖ്യത്തിന്റെ അംഗബലം 105 ആയി കുറയും. കേവല ഭൂരിപക്ഷത്തിന് 113 പേർ വേണം. വിമതപക്ഷം അവകാശപ്പെടുന്നതു പോലെ കൂടുതൽ പേർ രാജിവച്ചാൽ 105 സീറ്റുള്ള ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ കളം ഒരുങ്ങും.
പ്രതിസന്ധി നേരിടാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ബംഗളൂരുവിൽ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അമേരിക്കയിലും പി.സി.സി പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവു ബ്രിട്ടനിലും സ്വകാര്യ സന്ദർശനത്തിന് പോയിരിക്കെയാണ് പ്രതിസന്ധി രൂക്ഷമായത്.
മുൻ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയും രാജിവച്ച കോൺഗ്രസ് എം.എൽ.എമാരിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ പുത്രി സൗമ്യ റെഡ്ഡിയും പാർട്ടി എം.എൽ.എയാണ്. അവർ രാജിവച്ചിട്ടില്ല. ആനന്ദ് സിംഗ്, രമേശ് ജാർക്കിഹോള്ളി എന്നിവരാണ് നേരത്തേ രാജിവച്ചത്. രാജിവച്ച എം.എൽ.എമാർ മുംബയിലേക്ക് പോയതായി റിപ്പോർട്ടുണ്ട്.
വിമതർ ഇന്നലെ ഉച്ചയോടെയാണ് സ്‌പീക്കറുടെ ചേംബറിൽ എത്തിയത്. സ്‌പീക്കർ ഇല്ലാത്തതിനാൽ രാജിക്കത്തുകൾ സെക്രട്ടറിയെ ഏല്പിക്കുകയായിരുന്നു. രാജിക്കത്തുകൾ ചൊവ്വാഴ്‌ച പരിഗണിക്കുമെന്ന് സ്‌പീക്കർ പിന്നീട് അറിയിച്ചു.
കോൺഗ്രസിന്റെ മദ്ധ്യസ്ഥനും മന്ത്രിയുമായ ഡി.കെ. ശിവകുമാർ സ്പീക്കറുടെ ഓഫീസിൽ വിമതരുമായി ചർച്ച നടത്തി. ചിലരുടെ രാജിക്കത്തുകൾ അദ്ദേഹം വലിച്ചു കീറിയതായി റിപ്പോർട്ടുണ്ട്. രാമലിംഗ റെഡ്ഡി ഉൾപ്പെടെ മൂന്ന് പേരെ അദ്ദേഹം കൂട്ടിക്കൊണ്ടുപോയി. എന്നാൽ അവർ ഉൾപ്പെടെയുള്ള വിമതർ പിന്നീട് രാജ്‌ഭവനിൽ ഗവർണറുമായി ചർച്ച നടത്തി.
''ഗവർണർ ക്ഷണിച്ചാൽ പുതിയ സർക്കാർ രൂപീകരിക്കാൻ ബി.ജെ.പി തയ്യാറാണ്. ബി.എസ്. യെദിയൂരപ്പയായിരിക്കും മുഖ്യമന്ത്രി.''
-ഡി.വി. സദാനന്ദ ഗൗഡ
കേന്ദ്രമന്ത്രി
സമ്മർദ്ദതന്ത്രം?
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയ്‌ക്ക് വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സമ്മർദ്ദതന്ത്രമാണ് രാജിനാടകമെന്നും റിപ്പോർട്ടുണ്ട്. രാജിവച്ചവരെല്ലാം അദ്ദേഹത്തോട് അനുഭാവമുള്ളവരാണ്.
കക്ഷിനില
ആകെ സീറ്റ്........ 224 +1 നോമിനേറ്റഡ് അംഗം
കോൺഗ്രസ് ........78
(രണ്ട് പേർ നേരത്തേ
രാജിവച്ചതിനാൽ
ഇപ്പോൾ 76 )
ജനതാദൾ .......... 37
ബി.ജെ.പി..........105
ബി.എസ്.പി .........1
കെ.പി.ജെ ............1
സ്വതന്ത്രൻ..............1