വാരണാസി: ബഡ്‌ജറ്റിനെ കണ്ണുമടച്ച് എതിർക്കുന്നവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പേരിട്ടു: പ്രൊഫഷണൽ ദോഷൈകദൃക്കുകൾ! എന്നുവച്ചാൽ എന്തിലും ദോഷം മാത്രം കാണുന്നത് തൊഴിലാക്കിയവർ. സ്വന്തം മണ്ഡലമായ വാരണാസിയിൽ ബി.ജെ.പിയുടെ അംഗത്വ വിതരണ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് മോദിയുടെ കമന്റ്.
ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയാക്കുമെന്ന ബഡ്‌ജറ്റ് പ്രഖ്യാപനം കേട്ടപ്പോൾ പലരും സംശയം പ്രകടിപ്പിക്കുന്നു- എന്തിനാണ് ബി.ജെ.പി സർക്കാർ ഇതു ചെയ്യുന്നത്? ഇതിന്റെ ആവശ്യമുണ്ടോ? അവരോട് പ്രധാനമന്ത്രി ചോദിക്കുന്നത് മറ്റൊരു ചോദ്യം: എന്തുകൊണ്ട് ഇന്ത്യയ്ക്ക് വലിയ സ്വപ്നങ്ങൾ കണ്ടുകൂടാ?
സൈസ് ഒഫ് ദ കേക്ക് മാറ്റേഴ്സ് എന്ന് ഇംഗ്ളീഷിൽ ഒരു ചൊല്ലുണ്ട്. കേക്ക് എത്ര വലുതാകുന്നുവോ, പങ്കുവയ്‌ക്കുമ്പോൾ ഓരോരുത്തർക്കും കിട്ടുന്ന കഷണം അതിനനുസരിച്ച് വലുതായിരിക്കും! രാജ്യം എത്ര വികസിക്കുന്നുവോ, അതിന്റെ ഗുണം ഓരോരുത്തർക്കുമാണ്. ഇപ്പോഴത്തെ വികസിത രാജ്യങ്ങളെല്ലാം ഒരിക്കൽ വലിയ പ്രതിസന്ധികളിലൂടെ കടന്നുവന്നവരാണ്. ഇപ്പോൾ ഇന്ത്യയുടെ സമയമായിരിക്കുന്നു- മോദി പറഞ്ഞു.
ഇന്ത്യ ലക്ഷ്യംവയ്ക്കുന്ന സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട്. ആ പരിഷ്‌കാരത്തെക്കുറിച്ച് അറിയേണ്ടതും പ്രചരിപ്പിക്കേണ്ടതും ഇന്ത്യയിലെ സാധാരണക്കാരാണ്. ഒരു പ്രശ്നവുമായി നിങ്ങൾ സാധാരണക്കാരന്റെ അടുത്തു ചെല്ലൂ- അയാൾ അതിനൊരു പരിഹാരം പറയും. ഇനി, അതേ പ്രശ്നം ദോഷൈകദൃക്കുകളോടു പറഞ്ഞാൽ അവർ അതിനെ വലിയൊരു ഭീഷണിയാക്കി മാറ്റിത്തരും. അവരാണ് പ്രൊഫഷണൽ പെസിമിസ്റ്റുകൾ- മോദി പരിഹസിച്ചു.
യു.പിയിൽ 36 ലക്ഷം പുതിയ അംഗങ്ങളെ ചേർക്കാനുള്ള പാർട്ടി പദ്ധതിക്കാണ് വാരണാസിയിൽ മോദി തുടക്കം കുറിച്ചത്. വിഭിന്ന മേഖലകളിൽ പ്രമുഖരായ 11 പേർക്ക് അംഗത്വം നൽകിയായിരുന്നു ഉദ്ഘാടനം. വാരണാസി വിമാനത്താവളത്തിൽ മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ പ്രതിമ മോദി അനാവരണം ചെയ്തു.