ബംഗളൂരു: രാജിസമർപ്പിക്കാനെത്തിയ വിമത എം.എൽ.എമാരുടെ രാജിക്കത്ത് കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ സ്പീക്കറുടെ ഓഫീസിനുള്ളിൽ വച്ച് കീറിക്കളഞ്ഞുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് ബി.എസ്.യെദ്യൂരപ്പ രംഗത്തെത്തി. ഡി.കെ.ശിവകുമാറിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ കാണുന്നുണ്ട്. ഇത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്നും അങ്ങനെയാണെങ്കിൽ യെദ്യൂരപ്പ തന്നെ മുഖ്യമന്ത്രിയാകുമെന്നും ബി.ജെ.പി നേതാവ് ഡി.വി.സദാനന്ദ ഗൗഡ അവകാശപ്പെട്ടു. ഗവർണർ വിളിച്ചാൽ സർക്കാരുണ്ടാക്കാൻ തയ്യാറാണ്. ഇക്കാര്യത്തിൽ ഗവർണറാണ് ഉന്നതാധികാരി. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ തങ്ങളെ തന്നെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ എടുത്ത് ചാടി ഒന്നും ചെയ്യേണ്ടെന്നും കാത്തിരിക്കാനുമാണ് യെദ്യൂരപ്പ പാർട്ടി നേതാക്കളോട് പറഞ്ഞതെന്നാണ് വിവരം.
അതേസമയം, വിമത എം.എൽ.എമാരെ അനുനയിപ്പിക്കാൻ കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ ഡി.കെ.ശിവകുമാർ നടത്തിയ ശ്രമങ്ങൾ പാളി. മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യയെ വീണ്ടും മുഖ്യമന്ത്രിയാക്കിയാൽ തങ്ങൾ രാജികത്ത് പിൻവലിക്കാൻ തയ്യാറാണെന്ന് ചില വിമത എം.എൽ.എമാർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ആറ് മണിക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി സിദ്ദരാമയ്യയുമായും മറ്റ് നേതാക്കളുമായും കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. ഇതിൽ സമവായമുണ്ടാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. സർക്കാരിനെ താഴെയിറക്കാനല്ല, മറിച്ച് ഭീഷണി മുഴക്കി മന്ത്രിസ്ഥാനം നേടിയെടുക്കാനാണ് എം.എൽ.എമാരുടെ ശ്രമമെന്നാണ് സൂചന.
എന്താണ് കർണാടകയിലെ പ്രശ്‌നം
അടുത്തിടെ നടന്ന മന്ത്രിസഭാ പുനസംഘടനയിൽ തങ്ങൾക്ക് മതിയായ പ്രാതിനിധ്യം കുറവാണെന്ന് ആരോപിച്ചാണ് ബെല്ലാരിയിലെ വിജയനഗർ എം.എൽ.എ ആനന്ദ് സിംഗ്, ഗോഖകിൽ നിന്നുള്ള രമേഷ് ജാർക്കിഹോളി എന്നിവർ കഴിഞ്ഞ ആഴ്‌ച തങ്ങളുടെ നിയമസഭാംഗത്വം രാജിവച്ചത്. ഇതിന് പിന്നാലെയാണ് ഒമ്പത് കോൺഗ്രസ് എം.എൽ.എമാരും മൂന്ന് ജെ.ഡി.എസ് അംഗങ്ങളും കൂടി സ്പീക്കറെ കാണാൻ വിധാൻസൗധയിലെത്തിയത്. കോൺഗ്രസ് എംഎൽഎമാരായ ശിവറാം ഹെബ്ബാർ (യെല്ലാപുര), ബി.സി.പാട്ടീൽ (ഹിരക്കേരൂർ), നാരായണഗൗഡ (കെആർ പേട്ട്), മഹേഷ് കുമത്തല്ലി (അത്താണി), മുനിരത്‌ന (ആർആർ നഗർ), ദളിന്റെ എ.എച്ച്.വിശ്വനാഥ് (ഹുൻസൂർ), ഗോപാലയ്യ (മഹാലക്ഷ്മി ലേഔട്ട്) എന്നിവരാണ് രാജിസമർപ്പിക്കാൻ എത്തിയത്. തങ്ങൾ സ്പീക്കറുടെ ഓഫീസിന് രാജിസമർപ്പിച്ചെന്ന് പിന്നീട് ഇവർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ആകെ 11 എം.എൽ.എമാർ രാജിനൽകിയെന്നും ഇവർ അവകാശപ്പെട്ടു. എന്നാൽ ഇവരുടെ രാജി ഇതുവരെ ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലെന്നാണ് സ്പീക്കറുടെ പക്ഷം. തിങ്കളാഴ്‌ചയ്‌ക്ക് ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നും സ്പീക്കർ അറിയിച്ചു.