പെട്രോൾ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.48 രൂപയും കൂടി
കൊച്ചി: സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കി പെട്രോൾ, ഡീസൽ വില വീണ്ടും കൂടി. ഇന്നലെ പെട്രോൾ വില ലിറ്ററിന് 2.50 രൂപ വർദ്ധിച്ച് 76.22 രൂപയായി (തിരുവനന്തപുരം വില). 2.48 രൂപ ഉയർന്ന് 71.64 രൂപയാണ് ഡീസൽ വില.
കേന്ദ്ര ബഡ്‌ജറ്റിൽ പെട്രോൾ, ഡീസൽ എക്‌സൈസ് നികുതി ഒരു രൂപയും റോഡ് ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചർ സെസ് ഒരു രൂപയും കൂട്ടിയതിനൊപ്പം സംസ്ഥാന മൂല്യവർദ്ധിത നികുതിയിൽ (വാറ്റ്) ഉണ്ടായ ആനുപാതിക വർദ്ധന കൂടി ചേർന്നതോടെയാണ് ലിറ്ററിന് ഇന്നലെ രണ്ടര രൂപ വർദ്ധിച്ചത്.
ഇന്ധനവില വർദ്ധനയുടെ ചുവടുപിടിച്ച് ചരക്കുനീക്ക കൂലി വർദ്ധിക്കുമെന്നതിനാൽ അവശ്യവസ്‌തുക്കളുടെ വിലയും കൂടും. വ്യവസായ, കാർഷിക മേഖലകളിൽ ഉത്‌പാദനച്ചെലവും വർദ്ധിക്കും.
ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ കാലയളവിൽ ഒമ്പത് തവണയാണ് ഇന്ധന എക്‌സൈസ് നികുതി കൂട്ടിയത്; പെട്രോളിന് 11.77 രൂപയും ഡീസലിന് 13.47 രൂപയും. പ്രതിഷേധം കത്തിയതോടെ രണ്ടുതവണ നികുതി കുറച്ചു; ആകെ കുറച്ചത് മൂന്നര രൂപ!
അധികവരുമാനം
28,000 കോടി
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്‌ജറ്റിൽ എക്‌സൈസ് നികുതി, സെസ് എന്നിവ കൂട്ടിയതിലൂടെ 28,000 കോടിയുടെ അധികവരുമാനം ലഭിക്കും.
വില നിർണയം ഇങ്ങനെ
പെട്രോൾ
ഡീലർ വില : ₹33.98
എക്‌സൈസ് നികുതി : ₹19.98
ഡീലർ കമ്മിഷൻ : ₹3.54
സംസ്ഥാന വാറ്റ് : 32%
വില (ഇന്നലെ) : ₹71.64