kunnamangalam-news

കുന്ദമംഗലം: കേരളത്തിലെ 80 ശതമാനം കിണറുകളും മലിനമാണെന്നും 50 ശതമാനം കിണറുകളിലും ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ടെന്നും സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് (സി.ഡബ്ലിയു.ആർ.ഡി.എം) നടത്തിയ ഒൗദ്യോഗിക പഠനം വ്യക്തമാക്കുന്നു.

മഴ തുടങ്ങിയതോടെ മാലിന്യത്തോത് വർദ്ധിച്ചു. ഇതു മറികടക്കാൻ ജല പരിശോധന ജനകീയമാക്കുമെന്ന് വാട്ടർ ക്വാളിറ്റി ഡിവിഷൻ മേധാവിയും സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. പി.എസ്. ഹരികുമാർ പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബറേഷന്റെ അക്രഡിറ്റേഷനുള്ള കേരളത്തിലെ ഏക ലാബാണ് സി.ഡബ്ലിയു.ആർ.ഡി.എം.

തുറസായ കിണറുകളിലെ കുടിവെള്ളം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി തയ്യാറാക്കിയതാണ് റിപ്പോർട്ട്. ബാക്ടീരിയയുടെ സാന്നിദ്ധ്യത്തിന് പരിഹാരമായി നീറ്റ് കക്കയാണ് നിർദ്ദേശിച്ചിരിക്കുന്നത്.

അംഗീകൃത ജലപരിശോധനാ റിപ്പോർട്ടിനായി സ്കൂളുകൾ, ഹോട്ടലുകൾ, കൂൾബാറുകൾ,റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവ ആശ്രയിക്കുന്നത് ഇവിടത്തെ ലാബിനെയാണ്.

നേരിട്ടോ കൊറിയറിലൂടെയോ ജലമെത്തിക്കാം. ഒരാഴ്ചയ്ക്കകം റിസൾട്ട് ലഭ്യമാകും.1000 രൂപയാണ് ചാർജ്. സഞ്ചരിക്കുന്ന ലാബുമുണ്ട്. വിലാസം: ഹെഡ്, വാട്ടർ ക്വാളിറ്റി ഡിവിഷൻ, സി.ഡബ്ലിയു.ആർ.ഡി.എം, കോഴിക്കോട്.

സി.ഡബ്ളിയു.ആർ.ഡി.എം

കേരള സർക്കാരിന്റെ സ്വയംഭരണ ഗവേഷണ സ്ഥാപനം. കുന്ദമംഗലത്താണ് ആസ്ഥാനം. ഫോൺ: 0495-2351800

മലിനീകരണ

കാരണങ്ങൾ

 കിണറുകൾ തുറന്നു കിടക്കുന്നത്

 പരിസരത്ത് രാസവളം ഉപയോഗിച്ച് കൃഷി

 സെപ്ടിക് ടാങ്കിന്റെ സാമീപ്യം, ലീക്ക്

കിണറിനടുത്ത് ഖര, ദ്രവ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത്

നേരിട്ട് കിണറിൽ നിന്നെടുത്ത ഒരു ലിറ്ററെങ്കിലും ജലം വേണം പരിശോധനയ്ക്കെത്തിക്കാൻ. ബോട്ടിലിന് പുറത്ത് സാമ്പിൾ ശേഖരിച്ച തീയതി, സമയം, അഡ്രസ് എന്നിവ രേഖപ്പെടുത്തണം. ബാക്ടീരിയ ടെസ്റ്റിന് ലബോറട്ടറിയിൽ നിന്ന് നൽകുന്ന അണുവിമുക്തമാക്കിയ ബോട്ടിലുപയോഗിക്കണം.

- ഡോ. പി.എസ്. ഹരികുമാർ,

വാട്ടർ ക്വാളിറ്റി ഡിവിഷൻ ഹെഡ്