തിരുവനന്തപുരം: കേരളത്തെ പൂർണമായും തഴഞ്ഞ കേന്ദ്ര ബഡ്ജറ്റിനെതിരെ ചൊവ്വാഴ്ച പ്രതിഷേധദിനമാചരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. ലോക്കലടിസ്ഥാനത്തിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കും.
കോർപറേറ്റുകൾക്ക് വലിയ ഇളവുകളാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ച് പണം കണ്ടെത്താനാണ് ശ്രമം. സാധാരണക്കാർക്കു മേൽ നികുതി അടച്ചേല്പിക്കുകയാണ്. വനിതാ ക്ഷേമത്തിനുള്ള വിഹിതം 5.1 ശതമാനത്തിൽ നിന്നു 4.9 ശതമാനമായി വെട്ടിക്കുറച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിക്കുന്നതോടെ വിലക്കയറ്റം രൂക്ഷമാകും. തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം ആയിരം കോടിയാണ് വെട്ടിക്കുറച്ചത്. സാമൂഹ്യക്ഷേമത്തെ പൂർണമായും വാണിജ്യവത്കരിക്കുകയാണ്. പ്രളയാനന്തര പുനർനിർമ്മാണത്തിന് യാതൊരു സഹായവും കേരളത്തിന് പ്രഖ്യാപിച്ചിട്ടില്ല. വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യവും അംഗീകരിച്ചില്ല. റോഡ്, റെയിൽ വികസനത്തിന്റെ കാര്യത്തിലും തികഞ്ഞ അവഗണനയാണ്. കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ എയിംസും കോച്ച് ഫാക്ടറിയും പരിഗണിച്ചില്ല.